ഹനുമാൻ ജയന്തി, രാമനവമി എന്നീ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രകൾക്കിടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ഇത്തരത്തിലൊരു ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷിക്കാൻ ചെന്ന ഉത്തർപ്രദേശ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റെ ദൃശ്യമെന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക് ന്യൂസ് വാർ റൂം നടത്തിയ അന്വേഷണത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ 2020 ലെ കോവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ടതാണെന്നു വ്യക്തമായി.
AFWA അന്വേഷണം
ഞങ്ങൾ പ്രചാരത്തിലുള്ള വിഡിയോയോയുടെ ആദ്യപകുതി യാൻഡക്സിന്റെ സഹായത്തോടെ റിവേഴ്സ് തിരച്ചിൽ നടത്തിയപ്പോൾ ഇതേ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ 2020 ലെ മാധ്യമറിപ്പോർട്ടുകളിൽ കണ്ടെത്താൻ സാധിച്ചു.
ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് പ്രകാരം വീഡിയോ ഉത്തർപ്രദേശിലെ ബരേലി ജില്ലയിൽ നിന്നുള്ളതാണ്. ഏപ്രിൽ 2020 ൽ കോറോണവൈറസ് മൂർച്ചിച്ചുനിന്ന സാഹചര്യത്തിൽ കരംപൂർ ചൗധരി എന്ന ഗ്രാമത്തിൽ ലോക്ക്ഡൗൺ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എത്തിയ പോലീസിനെ ഗ്രാമവാസികൾ സംഘംച്ചേർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ എസ് പി ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു . ഇതേത്തുടർന്ന് പോലീസ് 243 പേർക്കെതിരെ കേസ് എടുത്തിരുന്നു .
പ്രചാരത്തിലുള്ള വീഡിയോയുടെ രണ്ടാമത്തെ ഭാഗവും ഇതേ സംഭവത്തിൽ നിന്നുള്ളതാണെന്നു ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
വീഡിയോയുടെ ഈ ഭാഗം TV9 ഭാരത് വർഷ് ഏപ്രിൽ 6, 2020ന് അവരുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു .
പ്രചാരത്തിലുള്ള വീഡിയോ രണ്ടു വർഷത്തിലേറെ പഴക്കമുള്ളതാണെന്നും മതപരമായ ചടങ്ങുകളുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നും ഇതിനാൽ വ്യക്തമാണ്.
ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷിക്കാൻ ചെന്ന ഉത്തർപ്രദേശ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റെ ദൃശ്യം.
ലോക്ക്ഡൗൺ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ എത്തിയ പോലീസിനെ ആക്രമിച്ച ഗ്രാമവാസികളെ അറസ്റ്റ് ചെയ്യുന്നതാണ് ഈ രംഗം .