നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ്(ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെയിലും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലാണ് രാഹുല്‍ഗാന്ധി അഭിമുഖീകരിച്ചത്. അതിനിടെ ഇക്കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയിരുന്നു. ആ സമയത്തെടുത്ത ചിത്രം എന്ന രീതിയില്‍ കെ.സി വേണുഗോപാലിനൊപ്പം ഒരു ഹോട്ടലില്‍ രാഹുല്‍ ഗാന്ധി ചായകുടിക്കാന്‍ ഇരിക്കുന്ന ചിത്രമാണിത്.
'സ്വന്തം മണ്ഡലത്തില്‍ വന്ന് ബോണ്ടയും തിന്ന് പോകാന്‍ 500 കോടി കട്ട്് 60 മണിക്കൂര്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത പട്ടായ പയ്യന് സ്വീകരണമോ?
500 കോടി കട്ട കള്ളന് സ്വീകരണം കേരളം ഇത്ര അധപതിച്ചോ? ' എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം തതാഴെ കാണാം.
എന്നാല്‍, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. ഈ ചിത്രം രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ വയനാട് സന്ദര്‍ശനത്തില്‍ നിന്നുള്ളതല്ല.
AFWA അന്വേഷണം
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കഴിഞ്ഞമാസമാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിനു ശേഷമുള്ള രാഹുലിന്റെ വയനാട് സന്ദര്‍ശനമാണ് ജൂലൈ ഒന്നു മുതല്‍ മൂന്ന് വരെ നടന്നത്. ഈ സമയത്തുള്ള ചിത്രം എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. എന്നാല്‍ ചിത്രം റിവേഴ്സ് ഇമേജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത് 2019ലെതാണെന്ന് വ്യക്തമായി.
2019ലെ പാര്‍ലമെന്റ് ഇലക്ഷനു ശേഷം വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ നിന്നുള്ള ഈ ചിത്രം മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. 2019 ജൂണ്‍ 7ന് ഇന്ത്യാ ടുഡേ നല്കിയ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. വയനാട് മണ്ഡലത്തിലെ വിജയത്തിനു ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ മലപ്പുറത്തെ ഒരു ചായക്കടയില്‍ നിന്നുള്ള ചിത്രമെന്നാണ് ഇതിന്റെ അടിക്കുറിപ്പ്. കനത്ത മഴയിലും രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങളുടെ വന്‍ തിരക്കായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് ഷോയുടെ വീഡിയോയും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ നിന്നുള്ള ചിത്രം താഴെ കാണാം.
ഇതേ ദിവസം തന്നെ സമാനമായ കുറിപ്പോടെ എഎന്‍ഐ ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നതും കാണാനായി. എഎന്‍ഐ നല്കിയ ട്വിറ്റര്‍ സന്ദേശം താഴെ കാണാം.
കേരള കൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളെല്ലാം റോഡ്ഷോയ്ക്കിടെ രാഹുല്‍ അപ്രതീക്ഷിതമായി ചായക്കടയില്‍ കയറിയതിന്റെ വിവിധ ചിത്രങ്ങള്‍ നല്‍കിയതായി കണ്ടെത്താനായി.
ഇത്തവണ ജൂണ്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനമാണ് രാഹുല്‍ നടത്തിയത്. കലക്ട്രേറ്റിലെ എംപിമാരുടെ അവലോകന യോഗം ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐക്കാരോട് ക്ഷമിച്ചെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ശ്രദ്ധനേടിയിരുന്നു. അതേസമയം, ഇപ്പോഴത്തെ സന്ദര്‍ശനത്തിലും അദ്ദേഹം വയനാടന്‍ വിഭവങ്ങള്‍ ആസ്വദിച്ചെന്ന റിപ്പോര്‍ട്ടുണ്ട്. RG Wayanad office ഈ ചിത്രം പങ്കുവച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്ന ചിത്രം 2019ലേതാണെന്ന് വ്യക്തം.
ഇഡി ചോദ്യം ചെയ്യലിനു ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച സ്വീകരണം.
ഇത് ഇഡി ചോദ്യം ചെയ്തതിനു ശേഷമുള്ള വയനാട് സന്ദര്‍ശനത്തിന്റെ ചിത്രമല്ല. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ മലപ്പുറത്ത് നിന്ന് പകര്‍ത്തിയതാണ്.