കര്ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്ഗ്രസിന് ഉയര്ത്തെഴുന്നേല്പ്പിന്റെ വിജയമാണ്. ആകെയുള്ള 224 സീറ്റുകളില് 135ലും വിജയിച്ചാണ് കോണ്ഗ്രസ് അധികാരം ഉറപ്പിച്ചത്. അതിനിടെ കോണ്ഗ്രസിന്റെ വിജയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള് പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് കോണ്ഗ്രസിന്റെ വിജയത്തിനുശേഷം നടന്ന ഇസ്ലാമിസ്റ്റുകളുടെ പ്രകടനം എന്ന രീതിയില് സജീവമായ വീഡിയോ.
'കോണ്ഗ്രസ് വിജയത്തിന് ശേഷം വിഘടന സ്വരം ഉയര്ത്തി, വീണ്ടുമൊരു വിഭജന രാഷ്ട്രീയം പൊളിറ്റിക്കല് ഇസ്ലാമിന്റെ നേതൃത്വത്തില് കര്ണാടകയില് ഇന്നലെ നടന്നൂ...
കേന്ദ്രം ഇത് ഗൗരവത്തോടെ നേരിടാന് വൈകരുത്..' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് കര്ണ്ണാടകയില് നടന്ന പ്രതിഷേധത്തിന്റെ വീഡിയോ അല്ല.
AFWA അന്വേഷണം
രാത്രിയില് നടന്ന ഒരു പ്രതിഷേധത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള് ഇതില് പങ്കെടുക്കുന്ന യുവാക്കള് പച്ചയും ചുവപ്പും നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നത് കാണാം. ഇതില് ISF എന്ന് എഴുതിയിട്ടുണ്ട്. മാത്രമല്ല ഇവരുടെ മുദ്രാവാക്യം കന്നഡ ഭാഷയിലുമല്ല. തുടര്ന്ന് ഞങ്ങള് വീഡിയോ റിവേഴ്സ് ഇമേജില് തിരഞ്ഞപ്പോള് ഇത് കര്ണ്ണാടകയില് നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനായി. പാകിസ്ഥാനില് ഇക്കഴിഞ്ഞ മെയ് 11ന് നടന്ന പ്രതിഷേധമാണിത്.
പാകിസ്ഥാനില് നിന്നുള്ള സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് മുഹമ്മദ് താഹിര് മിയോ അദ്ദേഹത്തിന്റെ ട്വിറ്റര് പേജില് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കാണാനായി.
'Dear powerful people of Pakistan, you have lost! People have won!' എന്നുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. തുടര്ന്നുള്ള തിരച്ചിലില് അന്വര് ലോധി എന്ന ജേര്ണലിസ്റ്റിന്റെ വേരിഫൈഡ് ട്വിറ്റര് ഹാന്റിലിലും ഇതേ വീഡിയോ മെയ് 11ന് പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്താനായി. 'സ്വാതന്ത്ര്യം നല്കേണ്ടിവരും' എന്ന് അര്ഥം വരുന്ന ഉറുദുവിലുള്ള കുറിപ്പിനൊപ്പമാണ് അദ്ദേഹമിത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് താഴെ കാണാം.
ഇവയില് നിന്നെല്ലാം വീഡിയോ ഇന്നലെ നടന്ന പ്രതിഷേധമല്ലെന്ന് ഉറപ്പിക്കാനായി. മാത്രമല്ല പാകിസ്ഥാനിലേതാണെന്ന സൂചന കൂടി ലഭിച്ചതോടെ വീഡിയോയിലെ യുവാക്കള് ധരിച്ചിരിക്കുന്ന തൊപ്പിയില് കണ്ട ISF എന്ന അക്ഷരങ്ങളെപ്പറ്റി അന്വേഷിച്ചു. ഈ തിരച്ചിലിനൊടുവില് ഇന്സാഫ് സ്റ്റുഡന്റ്സ് ഫെഡറേഷന്(Insaf Students Federation-ISF) എന്ന വിദ്യാര്ഥി സംഘടനയാണിതെന്ന് മനസിലാക്കാനായി. അറസ്റ്റിലായ മുന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്ട്ടിയായ പാകിസ്ഥാന് തെഹരീക്-ഇ-ഇന്സാഫിന്റെ(Pakistan Tehreek-e-Insaf ) വിദ്യാര്ഥി സംഘടനയാണ് ISF. ഇമ്രാന് ഖാന്റെ അറസ്റ്റിനു ശേഷം അദ്ദേഹത്തെ അനുകൂലിക്കുന്ന സംഘടനകള് പാകിസ്ഥാനില് നടത്തിയ പ്രതിഷേധങ്ങളില് ഒന്നായിരുന്നു ഇത്. ISFന്റെ ഔദ്യോഗിക ട്വിറ്റര് ഹാന്റില് ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പ്രൊഫൈലില് നിന്നുള്ള മെസേജ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു.ഇത് താഴെ കാണാം.
ഇതുമാത്രമല്ല, ഇമ്രാന് ഖാന്റെ അറസ്റ്റിനെ തുടര്ന്ന് ISF നടത്തിയ മറ്റ് നിരവധി പ്രതിഷേധങ്ങളും ഈ പേജില് നല്കിയിട്ടുണ്ട്. പഞ്ചാബ് കേസരി ടിവിയിലും ഈ വീഡിയോ നല്കിയിട്ടുള്ളതായി കണ്ടെത്താനായി.
അതേസമയം, കര്ണ്ണാടക ഇലക്ഷനു ശേഷം നിരവധി സന്തോഷ പ്രകടനങ്ങള് നടന്നിട്ടുണ്ട്. എന്നിരുന്നാലും, പ്രചാരത്തിലുള്ള വീഡിയോ കര്ണ്ണാടക ഇലക്ഷനില് കോണ്ഗ്രസ് വിജയിച്ച ശേഷം അവിടെ നടന്ന ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധമല്ലെന്നും പാകിസ്ഥാനില് മെയ് 11ന് നടന്ന പ്രതിഷേധത്തില് നിന്നുള്ളതാണെന്നും വ്യക്തം.
കര്ണ്ണാടകയില് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇസ്ലാമിസ്റ്റുകള് നടത്തിയ പ്രതിഷേധം.
ഈ വീഡിയോയ്ക്ക് കര്ണ്ണാടകയുമായി യാതൊരു ബന്ധവുമില്ല. പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റിലായ ശേഷം അദ്ദേഹത്തിന്റെ പാര്ട്ടിയുടെ വിദ്യാര്ഥി സംഘടനയായ ISF മെയ് 11ന് പാകിസ്ഥാനില് നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യമാണിത്.