സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നിരവധി ശ്രമങ്ങള് നടക്കുന്നുണ്ട്. പ്രവാസികളുടെ നിക്ഷേപം ഉള്പ്പെടെ ലക്ഷ്യമിട്ട് നിരവധി വേദികള് ഇതിനായി ഉപയോഗപ്പെടുത്തുന്നതായാണ് സര്ക്കാര് വിശദീകരണം. എന്നാല് അതിനിടയിലും ചില വന്കിട വ്യവസായ സ്ഥാപനങ്ങള് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചുവടുമാറ്റവും നടത്തുന്നു. കിറ്റെക്സ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള് ഇപ്പോഴും ചര്ച്ചയാണ്. അതിനിടെ കേരളത്തില് വ്യവസായ-സൗഹൃദ അന്തരീക്ഷം തീരെ ഇല്ലെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില് സജീവമായ പ്രചാരണമുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില് കേരളം 28-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടുവെന്നാണ് വിശദീകരണം.
'
എന്തിന്??
വ്യവസായങ്ങള് നടത്തി മുതലാളിത്ത സംസ്ഥാനമെന്ന ചീത്തപ്പേര് കേള്ക്കാനോ?
ഞങ്ങള്ക്ക് കടം വാങ്ങാന് കിഫ്ബിയുണ്ടല്ലോ,
കേന്ദ്രം എന്തെങ്കിലും അല്പം കൂടുതല് തന്നാല്, ഞങ്ങള് യൂറോപ്പ് കാണാന് പോകും, ലോകോത്തര കേരള മാര്ക്ക്സിയന് മോഡല് അവിടെ പ്രചരിപ്പിക്കാന്.
അല്ല പിന്നെ.' എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. വ്യവസായ സൗഹൃദ സൂചികയില് കേരളത്തിന്റെ നില മെച്ചപ്പെട്ടു.
AFWA അന്വേഷണം
' വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില് ആന്ധ്ര ഒന്നാം സ്ഥാനത്ത്; കേരളത്തിന് 28-ാം സ്ഥാനം' എന്ന വാര്ത്തയാണ് പോസ്റ്റിലെ ചിത്രമായി ഉപയോഗിച്ചിട്ടുള്ളത്. ഇതേ കീവേര്ഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള് മാതൃഭൂമി ഓണ്ലൈന് നല്കിയ വാര്ത്ത ലഭ്യമായി. 2020 സെപ്റ്റംബര് അഞ്ചിനാണ് ഈ വാര്ത്ത നല്കിയിട്ടുള്ളത്.
ഇതുപ്രകാരം, ഡിപ്പാര്ട്ടുമെന്റ് ഓഫ് പ്രമോഷന് ഓഫ് ഇന്ഡസ്ട്രി ആന്ഡ് ഇന്റേണല് ട്രേഡ് (DPIIT) തയ്യാറാക്കിയ 2019ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്ക് പട്ടിക ധനമന്ത്രി നിര്മല സീതാരാമന് പുറത്തിറക്കി എന്നാണ്. കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും എല്ലാം ചേര്ത്ത് 36 റാങ്കുകളാണ് പട്ടികയില് ഉള്പ്പെടുത്തിയിട്ടുള്ളത്. ഇതില് കേരളം 28-ാം സ്ഥാനത്താണ്. 36-ാം സ്ഥാനത്തുള്ള ത്രിപുരയാണ് ലിസ്റ്റില് ഏറ്റവും പിന്നില്. ഈ ലിസ്റ്റില് ആന്ധ്രപ്രദേശ് ഒന്നാം സ്ഥാനം നിലനിര്ത്തിയെങ്കിലും മറ്റ് പല സംസ്ഥാനങ്ങളുടെയും സ്ഥാനം മുന്നോട്ടും പിന്നോട്ടുമൊക്കെ മാറിയിട്ടുണ്ടെന്നും റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു. 2019 വരെയുള്ള റാങ്ക് പട്ടിക RBI വെബ്സൈറ്റില് നല്കിയിട്ടുണ്ട്. ഇതിലെ പ്രസക്ത ഭാഗം താഴെ കാണാം.
എന്നാല് 2022 ജൂണ് 30ന് ധനമന്ത്രി നിര്മല സീതാരാമന് 2020ലെ കണക്കുകള് വിശദീകരിച്ചുകൊണ്ട് വാര്ത്താസമ്മേളനം നടത്തിയിരുന്നു. വ്യവസായ മേഖലയില് വിവിധ കാറ്റഗറിയിലുള്ള പുരോഗതി നേടിയ സംസ്ഥാനങ്ങളെ ഇതില് അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളം 'The Aspire' എന്ന വിഭാഗത്തില് ഉള്പ്പെട്ടിട്ടുള്ളതായി ധനമന്ത്രിയുടെ ട്വീറ്റില് വ്യക്തമാണ്.
2022 ജൂലൈ 4ന് ഇതുസംബന്ധിച്ച് മാതൃഭൂമി നല്കിയ വാര്ത്തയില് കേരളത്തിന്റെ റാങ്കിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
2019ല് ഉണ്ടായിരുന്ന 28-ാം സ്ഥാനത്ത് നിന്ന് വലിയ കുതിച്ചു ചാട്ടം നടത്തിക്കൊണ്ട് 15-ാം സ്ഥാനത്തേയ്ക്ക് കേരളം എത്തിയെന്നാണ് വിശദീകരിക്കുന്നത്. 75.49% വ്യാവസായ സൗഹൃദമാണ് കേരളം എന്നാണ് പുതിയ കണക്ക്. 2014 മുതലാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കി തുടങ്ങിയത്. വിവിധ മേഖലയിലെ പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് റാങ്ക് നല്കുക. അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സര്വേകളുടെയും അടിസ്ഥാനത്തില് ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറര്, എമേര്ജിങ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ഇതിലാണ് ഇത്തവണ Aspire വിഭാഗത്തില് ഉള്പ്പെടാന് കേരളത്തിന് സാധിച്ചത്. വ്യവസായ സൗഹൃദ നിലപാടുകള് തന്നെയാണ് റാങ്കിംഗിന്റെ അടിസ്ഥാനം. DPIIT യുടെ നിര്ദ്ദേശം അനുസരിച്ച് കേരളം നിരവധി മാറ്റങ്ങള് വരുത്തി മുന്നേറുന്നതിനാലാണ് റാങ്കിംഗില് നേട്ടം കൈവന്നത്.
ഇന്ത്യാ ടുഡേ ഉള്പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും 2020ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഉള്പ്പെടുന്ന വാര്ത്ത നല്കിയിരുന്നു. ബിസിനസ് ടുഡേ നല്കിയ ഗ്രാഫിക്കല് റെപ്രസെന്റേഷന് താഴെ കാണാം.
ലഭ്യമായ വിവരങ്ങളില് നിന്ന് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ ലിസ്റ്റില് കേരളത്തിന്റെ റാങ്ക് സംബന്ധിച്ച് പ്രചരിക്കുന്നത് പഴയ വിവരമാണെന്ന് വ്യക്തം. നിലവില് കേരളം റാങ്ക് പട്ടികയില് മുന്നേറിയിട്ടുണ്ട്.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില് 28-ാം റാങ്കുമായി ഏറ്റവും പിന്നിലാണ് കേരളം.
പ്രചാരത്തിലുള്ളത് 2019ലെ കണക്കാണ്. 2020ലെ കണക്ക് ഇക്കഴിഞ്ഞ ജൂണ് 30ന് ധനമന്ത്രി നിര്മല സീതാരാമന് പുറത്ത് വിട്ടിരുന്നു. ഇതുപ്രകാരം റാങ്കിംഗില് കേരളം നില മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. കൂടാതെ 'The Aspire' കാറ്റഗറിയില് ഉള്പ്പെടാനും സാധിച്ചു. 75.49% ആണ് കേരളത്തിന്റെ നേട്ടം.