നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില് ഒരോ മണിക്കൂറിലും അഞ്ചുകുട്ടികള് കൂട്ട ബലാത്സംഗം മുതല് അശ്ലീല വീഡിയോ നിര്മ്മാണം വരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്ക്ക് ഇരയാകുന്നു. ഇത് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ മാത്രം കണക്കാണ്. നിയമത്തിന് മുന്നില് വരാത്ത കുറ്റകൃത്യങ്ങളുടെ കണക്കായിരിക്കും അധികം. നീതി ലഭിക്കാത്ത ലക്ഷക്കണക്കിന് കുട്ടികള് നമുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നിയമം ആവശ്യമാണെന്ന തിരിച്ചറിവില് നിന്നാണ് 10 വര്ഷം മുന്പ് രാജ്യത്ത് പ്രൊട്ടക്ഷന് ഓഫ് ചില്ഡ്രന് ഫ്രം സെക്ഷ്വല് ഒഫന്സസ് ആക്റ്റ് അഥവാ പോക്സോ നിയമം നിലവില് വന്നത്. എന്നാല് പോക്സോ രൂപീകൃതമായതിന് ശേഷമുള്ള ഓരോ വര്ഷവും രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല.
ഈ സാഹചര്യം നിലനില്ക്കുമ്പോള് തന്നെയാണ് ഡല്ഹി ഹൈക്കോടതി ഒരു ജാമ്യ ഹര്ജി പരിഗണിക്കുന്നതിനിടെ നടത്തിയ നിരീക്ഷണം സമൂഹമാധ്യമങ്ങളില് വൈറലായത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില് വരില്ലെന്ന് ഡല്ഹി ഹൈക്കോടതി പറഞ്ഞതായിട്ടാണ് സമൂഹമാധ്യമങ്ങളില് പോസ്റ്റുകള് പ്രചരിക്കുന്നത്.
'പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോ പരിധിയില് വരില്ല: ഡല്ഹി ഹൈക്കോടതി' എന്ന് തുടങ്ങുന്ന പോസ്റ്റ് ഇവിടെ വായിക്കാം.
എന്നാല് പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡെ ആന്റി ഫേക് ന്യൂസ് വാര് റൂം (അഎണഅ) കണ്ടെത്തി. പോക്സോ വകുപ്പുകള് ചുമത്തിയ കേസില് കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം നല്കുക മാത്രമാണ് കോടതി ചെയ്തത്.
AFWA അന്വേഷണം
പോക്സോ കേസിലെ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ട് നവംബര് 13 ന് ഡല്ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം ചില മാധ്യമങ്ങളില് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച് പ്രചാരണം സജീവമായി. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില് വരില്ലെന്ന് ഡല്ഹി ഹൈക്കോടതി ഉത്തരവിട്ടുവെന്ന രീതിയിലാണ് പ്രചാരണം.
ഡല്ഹി ഹൈക്കോടതി ഇത്തരത്തിലൊരു വിധി പ്രസ്ഥാവിച്ചോ എന്നതാണ് ഞങ്ങള് ആദ്യം അന്വേഷിച്ചത്. ഇതില് നിന്ന് പോക്സോ കേസിലെ ജാമ്യ ഹര്ജി പരിഗണിക്കുന്നതിനിടെ ഡല്ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണമാണ് തെറ്റായ രീതിയില് പ്രരിക്കുന്നതെന്ന് വ്യക്തമായി.
എന്താണ് വിവാദത്തിന് കാരണമായ കേസ് ?
2021 ജൂണ് മാസത്തിലാണ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം.17 വയസുമാത്രം പ്രായമുണ്ടായിരുന്ന ദില്ലി സ്വദേശിയായപെണ്കുട്ടിയുടെ വിവാഹം മാതാപിതാക്കള് 2021 ജൂണ് 30 ന് നടത്തി. വിവാഹത്തിന് പെണ്കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നില്ല. 2021 ഒക്ടോബര് 27 ന് പെണ്കുട്ടി മാതാപിതാക്കളെയും ഭര്ത്താവിനെയും ഉപേക്ഷിച്ച് തന്റെ മുന് കാമുകന്റെ വീട്ടില് അഭയം തേടി. 2021 ഒക്ടോബര് 28ന് ഇവര് പഞ്ചാബിലേക്ക് പോവുകയും അവിടെ വെച്ച് വിവാഹിതരാവുകയും ചെയ്തു.
എന്നാല് യുവാവ് മകളെ തട്ടിക്കൊണ്ടുപോയതായി പെണ്കുട്ടിയുടെ പിതാവ് പൊലീസില് പരാതി നല്കി. ഇതേത്തുടര്ന്ന് പെണ്കുട്ടിയുടെ കാമുകന് 2021 ഡിസംബര് 31 മുതല് പഞ്ചാബില് ജുഡീഷ്യല് കസ്റ്റഡിയിലായിരുന്നു. ജീവിതം പ്രതിസന്ധിയിലായ പെണ്കുട്ടി പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് മാതാപിതാക്കളില് നിന്നും പൊലീസ് സംരക്ഷണം നേടിയെടുത്തു. ഇതോടെ പെണ്കുട്ടിയുടെ പിതാവ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. മാതാപിതാക്കള് നല്കിയ കേസില് പ്രതിചേര്ക്കപ്പെട്ട കാമുകന് പിന്നീട് ജാമ്യാപേക്ഷയുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെണ്കുട്ടി കോടതിയില് നല്കിയ മൊഴി
മാതാപിതാക്കള് തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയതെന്ന് കോടതിയില് ഹാജരായ പെണ്കുട്ടി ജഡ്ജിയുടെ ചേംബറിലെത്തി മൊഴി നല്കി. കാമുകനുമായി വിവാഹം നടന്ന 2021 ഒക്ടോബര് 28 ന് തനിക്ക് 17 വയസ് പൂര്ത്തിയായിരുന്നതായി പെണ്കുട്ടി കോടതിയില് വ്യക്തമാക്കി. പെണ്കുട്ടിയുടെ ജനനത്തീയതി 2004 ഒക്ടോബര് ഒന്നാണ്. താന് ബാലികയല്ലെന്നും യുവതിയാണെന്നും പെണ്കുട്ടി കോടതിയില് അറിയിച്ചു.
കാമുകന്റെ അടുത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. പൂര്ണ്ണസമ്മതത്തോടെയാണ് കാമുകനുമായുള്ള വിവാഹം നടന്നത്. ഒരു രീതിയിലുമുള്ള ബാഹ്യസമ്മര്ദ്ദങ്ങള്ക്കോ, ഭീഷണിക്കോ, സ്വാധീനത്തിനോ വഴിങ്ങിയായിരുന്നില്ല വിവാഹം മാത്രമല്ല ഈ ബന്ധത്തില് തുടരാനാണ് താത്പര്യമെന്നും പെണ്കുട്ടി കോടതിയെ അറിയിച്ചു.
കോടതിയുടെ നിരീക്ഷണം
ഉഭയ സമ്മതത്തോടെയുള്ളതാണ് പെണ്കുട്ടിയും കാമുകനുമായുള്ള ബന്ധമെന്ന് കോടതി നിരീക്ഷിച്ചു. പെണ്കുട്ടി കാമുകന്റെ വീട്ടില് അഭയം പ്രാപിക്കുകയും വിവാഹം കഴിക്കാന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന സാഹചര്യം കോടതി എടുത്തുപറഞ്ഞു. തങ്ങളുടേത് പ്രണയബന്ധമാണെന്നും ലൈംഗികബന്ധം ഉഭയസമ്മതത്തോടെയുള്ളതുമാണെന്നും ഇര തന്നെ വ്യക്തമാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്കുട്ടി പ്രായപൂര്ത്തിയായിട്ടില്ലാത്തതിനാല് സമ്മതം നിയമപരമല്ലെന്ന കാര്യം നിലനില്ക്കെ തന്നെ, ഉഭയസമ്മതത്തോടെയുള്ള പ്രണയ ബന്ധമാണെന്ന വസ്തുത ജാമ്യം നല്കാന് പരിഗണിക്കാമെന്ന് കരുതുന്നു. ഇരയുടെ മൊഴി തള്ളുകയും പ്രതിയെ ജയിലില് പീഡനമേല്ക്കാന് വിടുകയും ചെയ്യുന്നത് നീതിയെ തെറ്റായി വ്യാഖ്യാനിക്കുന്നതാവും.
തന്റെ പരിഗണനയിലിരിക്കുന്ന ഹര്ജി, പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് തള്ളാന് ആവശ്യപ്പെടുന്നതല്ല, മറിച്ച് ജാമ്യം അപേക്ഷിച്ചുള്ളതാണ്. അതിനാല് തന്നെ അപേക്ഷകന് ക്ലീന് ചിറ്റ് നല്കുകയല്ല. നിലവിലെ സാഹചര്യത്തില് മേല്പ്പറഞ്ഞ കാരണങ്ങളാല് പ്രതിക്ക് ജാമ്യം നല്കുകയാണെന്നും കോടതി ജാമ്യറിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് വര്ദ്ധിച്ചുവരുന്ന കാലഘട്ടത്തില് ഡല്ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം മറ്റ് പോക്സോ കേസുകളെ ബാധിക്കുമോ എന്ന് പരിശോധിക്കുന്നതിന് ഞങ്ങള് നിയമവിദഗ്ധരുടെ അഭിപ്രായം തേടി. ഇതിനായി സുപ്രീം കോടതി അഭിഭാഷകന് അഡ്വക്കേറ്റ് എം.ആര് അഭിലാഷുമായി ബന്ധപ്പെട്ടു. 'In my opinion the intention of POCSO was to protect children below the age of 18 years from sexual exploitation. It was never meant to criminalize consensual romantic relationships between young adults എന്നാണ് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞിരിക്കുന്നത്. ഇതിലെ യങ് അഡല്റ്റ് എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. കോടതി വളരെ ജനറലായി നടത്തിയ നിരീക്ഷണമാണ്. ആ നിരീക്ഷണം പെണ്കുട്ടി മൈനര് ആയതിനാല് ഈ കേസില് പോലും ബാധകമല്ല. മറ്റ് കേസുകളെയും ബാധിക്കില്ല. ജസ്റ്റിസ് പറഞ്ഞിരിക്കുന്ന കാര്യം വളരെ വ്യക്തമാണ്. ഒരു പൊതു നിരീക്ഷണം മാത്രമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കടകവിരുദ്ധമായ സന്ദേശം നല്കാന് കഴിയില്ല.'- അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുനില്ക്കുന്ന വിഷയമായതിനാല് ഇക്കാര്യത്തില് കൂടുതല് വ്യക്തത ലഭിക്കുന്നതിന് മറ്റൊരു അഭിഭാഷകനുമായും ഞങ്ങള് സംസാരിച്ചു. എറണാകുളം ജില്ലാ കോടതിയിലെ അഭിഭാഷകന് അഡ്വക്കേറ്റ് പി.ജെ പോള്സനെ ആണ് ഞങ്ങള് ബന്ധപ്പട്ടത്. അഡ്വക്കേറ്റ് എം.ആര് അഭിലാഷ് പറഞ്ഞതിന് സമാനമായ കാര്യം തന്നെയാണ് അദ്ദേഹവും ഞങ്ങളുമായി പങ്കുവെച്ചത്.
'ഡല്ഹി ഹൈക്കോടതി ഈ കേസില് രണ്ട് മൂന്ന് ഒബ്സര്വേഷന്സ് നടത്തിയിട്ടുണ്ട്. വിജയലക്ഷ്മി Vs സ്റ്റേറ്റ് ജഡ്ജ്മെന്റ് കോടതി പ്രതിപാദിച്ചിട്ടുണ്ട്. അതില് പറയുന്നത് ''വിക്ടിമിനെ സംരക്ഷിക്കുക എന്നതാണ് കോടതിയുടെ പ്രഥമ ലക്ഷ്യം''. ഇവിടെ സമാനമായ നിരീക്ഷണമാണ് കോടതി നടത്തിയത്. സുരക്ഷ തേടി പെണ്കുട്ടിയാണ് യുവാവിന്റെ വീട്ടിലേക്കെത്തുന്നത്. അവിടെ തട്ടിക്കൊണ്ടുപോകലോ ലൈംഗിക പീഡമോ നടന്നിട്ടില്ല. കുട്ടിയുടെ ആവശ്യപ്രകാരമാണ് യുവാവുമായി വിവാഹം നടന്നതും. എന്നാല് പെണ്കുട്ടിക്ക് പ്രായപൂര്ത്തി ആകാത്തതിനാല് ഇവിടെ പെണ്കുട്ടിയുടെ കണ്സന്റിന് നിയമസാധുത ഇല്ല. എന്നാല് പെണ്കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് യുവാവിന് ജാമ്യം നല്കുകയാണ് ചെയ്തത്. ജാമ്യം മാത്രമാണ് നല്കുന്നത്. യുവാവിനെതിരെ പോക്സോ കേസ് നിലനില്ക്കും. പെണ്കുട്ടിയുടെ നിമപരമായി വാലിഡല്ലാത്ത കണ്സെന്റ് ഇഷ്ടത്തിന്റെ പുറത്താണെന്നും പെണ്കുട്ടി നേരിട്ട് സ്വന്തം മാതാപിതാക്കളുടെ അതിക്രമത്തില് നിന്നും പ്രൊട്ടക്ഷന് ആവശ്യപ്പെട്ടിരിക്കുന്നതുകൊണ്ടും യുവാവിന് ജാമ്യം അനുവദിക്കുന്നു. എന്നാല് യുവാവിനെതിരായ കുറ്റകൃത്യം നിലനില്ക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇത് എല്ലാ കേസുകള്ക്കും ബാധകമല്ല. ഓരോ കേസിന്റെയും വസ്തുതകള് സാഹചര്യം തുടങ്ങിയവ പരിശോധിച്ചുമാത്രമേ നടപടികള് സാധ്യമാകു എന്നും കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്.' -കേസിനെക്കുറിച്ച് വിശദമാക്കി പി.ജെ പോള്സണ് പറഞ്ഞു.
എന്താണ് പോക്സോ നിയമം ?
ലെംഗികാതിക്രമങ്ങളില്നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 2012-ലെ ശിശുദിനത്തില് പ്രാബല്യത്തില് വന്ന നിയമമാണ് പ്രൊട്ടക്ഷന് ഓഫ് ചില്ഡ്രന് ഫ്രം സെക്ഷ്വല് ഒഫന്സസ് ആക്റ്റ്, അഥവാ പോക്സോ. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികള്ക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കി നിയമത്തെ ശക്തിപ്പെടുത്തുന്നതിനാണ് പോക്സോ നിയമം നിലവില് വന്നത്. ഈ നിയമം നിലവില് വരുന്നതുവരെ ഇന്ത്യന് പീനല് കോഡ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില് കുട്ടികള്- മുതിര്ന്നവര് എന്ന വേര്തിരിവില്ലായിരുന്നു. ആണ്കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമങ്ങള് ഐപിസിയില് പരാമര്ശിച്ചിരുന്നില്ല. ഈ പ്രശ്നങ്ങള് പോക്സോ നിയമം വഴി പരിഹരിക്കപ്പെട്ടു. ഇതോടെ ലിംഗവ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്ക്കും പോക്സോ നിയമം വഴി സുരക്ഷിതത്വം ഉറപ്പാക്കുന്നു.
എങ്ങനെ പരാതിപ്പെടാം?
രക്ഷിതാക്കള്, സ്കൂള് അധികൃതര്, ആരോഗ്യകേന്ദ്രങ്ങള്, സാമൂഹിക പ്രവര്ത്തകര് എന്നുതുടങ്ങി- കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന ആര്ക്കും പരാതി നല്കാം. 1098 എന്ന ഹെല്പ് ലൈന് നമ്പര് വഴിയോ മറ്റേതെങ്കിലും മാര്ഗങ്ങളിലൂടെയോ കുട്ടികള്ക്ക് നേരിട്ടും വിവരം അറിയിക്കാം. ലോക്കല് പൊലീസിനെയോ ചൈല്ഡ് ലൈനെയോ ഇതിനായി ബന്ധപ്പെടാം. കുറ്റ കൃത്യം നടന്നതിനുശേഷമോ, നടക്കുന്നതായി അറിഞ്ഞാലോ വിവരം റിപ്പോര്ട്ടുചെയ്യാം. പരാതി റിപ്പോര്ട്ടുചെയ്യുന്നതിന് സമയപരിധിയില്ല.
ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള പോസ്റ്റില് വാദിക്കുന്നതുപോലെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധം പോക്സോ നിയമത്തിന്റെ പരിധിയില് വരില്ല എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. ഒരു പ്രത്യേക കേസിനിടെ കോടതി നടത്തിയ നിരീക്ഷണം മാത്രമാണിതെന്നും പ്രസ്തുത കേസില് പോലും എഫ് ഐ ആര് റദ്ദാക്കുകയോ പ്രതിയെ വെറുതെ വിടുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തം.
(ഇന്പുട്ട് : ഷിനു മാഗി സുരേഷ്)
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോ പരിധിയില് വരില്ലെന്ന് ഡല്ഹി ഹൈക്കോടതി.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോ പരിധിയില് വരില്ലെന്ന് ഡല്ഹി ഹൈക്കോടതി പറഞ്ഞിട്ടില്ല. ചെറുപ്പക്കാര്ക്കിടയിലെ (യംഗ് അഡല്ട്ട്സ്) ഉഭയസമ്മതത്തോടെ ഉണ്ടാവുന്ന പ്രണയബന്ധങ്ങളെ ക്രിമിനല്ക്കേസില് ഉള്പ്പെടുത്തുന്നതിന് പോക്സോ ദുരുപയോഗം ചെയ്യരുതെന്നാണ് കോടതി നിരീക്ഷിച്ചത്. ഇവിടെ പെണ്കുട്ടിക്ക് പ്രായപൂര്ത്തിയാവാത്തതിനാല് ഈ നിരീക്ഷണം കേസില് ബാധകമല്ല. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ കണ്സെന്റ് പരിഗണിക്കാനാവില്ല എന്ന നിയമം തന്നെയാണ് ഈ കേസിലും കൈക്കൊണ്ടത്. വീട്ടുകാരില് നിന്ന് ഭീഷണിയുള്ള പെണ്കുട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് യുവാവിന് ജാമ്യം നല്കുകയാണ് ചെയ്തത്. എന്നാല് ഇയാള്ക്കെതിരായ കുറ്റകൃത്യം നിലനില്ക്കും.