ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേരിട്ട കനത്ത തോൽവി വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ മത്സരിച്ച തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ഇതിനിടെ കോൺഗ്രസ് നേതാവായ സുപ്രിയ ശ്രീനേറ്റിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആം ആദ്മി പാർട്ടിയുടെ തോൽവി ആഘോഷിക്കുന്ന സുപ്രിയ ശ്രീനേറ്റ് എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
"ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ
ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്
ആഹാ... എന്തൊരു ആഹ്ലാദം.... ബിജെപി പോലും ഇത്രയും സന്തോഷിച്ചു കാണില്ല..
ഡൽഹിയിൽ APP യെ തോൽപ്പിച്ചതിലുള്ള സന്തോഷം അണപൊട്ടിയൊഴുകി" എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2024 ജൂൺ 4ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചിത്രീകരിച്ച വീഡിയോയാണ് ഇത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഈ വീഡിയോയും അതിന്റെ സ്ക്രീൻഷോട്ടുകളും 2024 മുതൽ പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ സമാനമായ വീഡിയോ ഉൾപ്പെടുന്ന ന്യൂസ് റിപ്പോർട്ട് വൺഇന്ത്യ ഹിന്ദി യൂട്യൂബ് ചാനലിൽ കണ്ടെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റം സുപ്രിയ ശ്രീനേറ്റ് ആഘോഷിക്കുന്ന വീഡിയോയാണ് ഇതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് സോഷ്യൽമീഡിയ സംഘത്തിനൊപ്പാണ് സുപ്രിയ ആഘോഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൺഇന്ത്യ ഹിന്ദി 2024 ജൂൺ 5ന് പങ്കുവച്ച വീഡിയോ റിപ്പോർട്ട് ചുവടെ കാണാം.
വൈറൽ വീഡിയോയുടെ പൂർണ രൂപം ന്യൂസ് 24 എന്ന യൂട്യൂബ് ചാനലിൽ 2024 ജൂൺ 5ന് പങ്കുവച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യാ മുന്നണിയും ഉണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ച് വൈകാരികമായിട്ടാണ് സുപ്രിയ ശ്രീനേറ്റ് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും അവർ പറയുന്നുണ്ട്. ഈ വീഡിയോ ചുവടെ കാണാം.
പിന്നീട് ഞങ്ങൾ അന്വേഷിച്ചത് വൈറൽ പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്ന വാർത്താ കാർഡിനെ കുറിച്ചാണ്. ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനില്ല എന്നാണ് ഇതിൽ പറയുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കോൺഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്നും 15 വര്ഷത്തോളം ഞങ്ങള് ഭരിച്ച സ്ഥലമാണ് ഡല്ഹിയെന്നും തുടര്ന്നും ഞങ്ങള്ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു. എൻഡിടിവി ചർച്ചയിലാണ് സുപ്രിയ ശ്രീനേറ്റ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. എൻഡിടിവി റിപ്പോർട്ട് ഇവിടെ വായിക്കാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയം ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് എന്ന രീതിയിൽ പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്ന് വ്യക്തമായി.
ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയം ആഘോഷിക്കുന്ന കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്.
വൈറൽ വീഡിയോയ്ക്ക് ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധമില്ല. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റം ആഘോഷിക്കുന്ന സുപ്രിയ ശ്രീനേറ്റിന്റെ ദൃശ്യമാണിത്.