പ്രളയത്തില് അകപ്പെട്ടവരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള് തെലങ്കാനയിലെതല്ല, സത്യമിതാണ്…
തെലങ്കാനയിൽ കനത്ത നാശം വരുത്തി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 29 പേർക്കാണ്. സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇപ്പൊഴും വെള്ളം കെട്ടിനിൽക്കുകയാണ്. കുത്തിയൊലിക്കുന്ന വെള്ളത്തില് നിന്നും അതിസാഹസികമായി ഏതാനുംപേരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള് ഇതിനിടെ പ്രചരിക്കുന്നുണ്ട്.
പ്രചരണം
തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ കാറിനുള്ളില് കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ അംഗങ്ങളെ മുഹമ്മദ് സുബഹാൻ എന്നയാള് ജെസിബി മെഷീന് ഉപയോഗിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങള് എന്ന പേരിലാണ് പ്രചരണം നടക്കുന്നത്.
വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: ###തെലുങ്കാന## ഗമ്മം## പ്രകാശ് നഗർ പാലത്തിനടുത്ത് ഒഴുക്കിൽ പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ജെസിബി ഡ്രൈവർ സുബ്ഹാൻ മുൻപിൻ നോക്കാതെ പുഴയിൽ ഇറങ്ങുകയും ഒമ്പത്### യാത്രക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്തു.
വെള്ളത്തിൽ ഇറങ്ങുമ്പോൾ സുബ്ഹാൻ പറഞ്ഞ വാക്കുകൾ: മടങ്ങിവന്നാൽ ഞങ്ങൾ പത്തുപേർ മടങ്ങിവരും. പരാജയപെട്ടാൽ എനിക്കൊരു തിരിച്ചുവരവില്ല.....
The real hero”.
എന്നാല് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങള്ക്ക് തെലങ്കാനയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില് ഞങ്ങള് കണ്ടെത്തി.
വസ്തുത ഇതാണ്
കനത്ത മഴയെത്തുടർന്ന് തെലങ്കാനയീല് സ്ഥിതിഗതികള് രൂക്ഷമാണ് എന്നത് ശരിതന്നെ. എന്നാല് ഇത്തരമൊരു സംഭവം സംസ്ഥാനത്ത് നടന്നതായി ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങള് കണ്ടില്ല. തുടര്ന്ന് വീഡിയോ കീ ഫ്രെയിമുകളില് ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള് അടുത്തിടെ നിരവധി പേര് ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ വിവിധ സംസ്ഥാനങ്ങളുടെ പേരുകളില് പങ്കുവച്ചിട്ടുണ്ട് എന്നു കാണാന് കഴിഞ്ഞു.
ഈ വീഡിയോ 2024 ഏപ്രിൽ 28-മുതല് യുട്യൂബില് ലഭ്യമാണ്.
അറബിയിലാണ് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പമുള്ള വിവരണം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ഞങ്ങൾ വിവർത്തനം ചെയ്തപ്പോള്, "ഹീറോ നിമിഷം: ഒരാൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാലുപേരെ രക്ഷിക്കുന്നു" എന്നാണ് ഫലം ലഭിച്ചത്. എവിടെ നിന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. 2024 ഏപ്രിലിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഏതായാലും 2024 സെപ്റ്റംബറിലെ തെലങ്കാന വെള്ളപ്പൊക്കവുമായി യാതൊരു ബന്ധവുമില്ല എന്നു വ്യക്തമാണ്.
ഈ വീഡിയോ എവിടെയാണ് എടുത്തതെന്ന് കണ്ടെത്താൻ ഞങ്ങൾ തിരച്ചിൽ തുടർന്നപ്പോള് ബിഷാസയിലെ വാദി ജഅബയിൽ കാറിൽ കുടുങ്ങിയ നാലുപേരെ രക്ഷിച്ച വ്യക്തിയെന്ന് പരാമർശിച്ചുകൊണ്ട് മറ്റ് ചില പോസ്റ്റുകൾ ഞങ്ങൾക്ക് ലഭിച്ചു. ഈ വാദി ജഅബ - ബിഷാസ എവിടെയാണെന്ന് അന്വേഷിച്ചപ്പോള് സൗദി അറേബ്യയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് മനസ്സിലാക്കാന് സാധിച്ചു.
വീഡിയോ ഷൂട്ട് ചെയ്തത് സൗദി അറേബ്യയിൽ ആണെന്ന് ഉറപ്പാക്കാൻ, ഒരു കീ വേര്ഡ്സ് അന്വേഷണം നടത്തിയപ്പോള് സൗദി അറേബ്യയിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിക്കുന്ന വാർത്തകള് ലഭിച്ചു.
എക്സ് പ്ലാറ്റ്ഫോമില് പോസ്റ്റ് ചെയ്ത ഒരു വീഡിയോ റിപ്പോര്ട്ടില് ഉള്പ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിലിൽ സൗദി അറേബ്യയിലാണ് സംഭവം നടന്നതെന്ന് പോസ്റ്റ് സ്ഥിരീകരിക്കുന്നു.
നിഗമനം
2024 ഏപ്രിലിൽ സൗദി അറേബ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാറിൽ കുടുങ്ങിയ ആളുകളെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണിത്. തെലങ്കാനയില് മഴക്കെടുത്തി രൂക്ഷമാണെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങള്ക്ക് തെലങ്കാനയുമായി യാതൊരു ബന്ധവുമില്ല.