പാര്ലമെന്റില് വനിതാ എംപി അമിത് ഷായോട് കയര്ത്ത് സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രതിപക്ഷത്തെ വനിതാ എംപി കയര്ത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.
പ്രചരണം
നിങ്ങൾക്ക് ഒന്നുമറിയില്ല നിങ്ങൾ മിണ്ടാതിരിക്ക് എന്ന് വളരെ കർക്കശ്യത്തോടെ വനിത എംപി പറയുന്നതും ഇത് കേട്ടിട്ട് എന്നവണ്ണം അമിത് ഷാ തന്റെ സീറ്റിലേക്ക് ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വനിതാ എംപി അമിത് ഷായോട് കയര്ത്തു സംസാരിച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “
ഇരിക്കടാ ചാണകമേ അവിടെ.. ”
എന്നാൽ രണ്ട് വ്യത്യസ്ത വീഡിയോകൾ എഡിറ്റ് ചെയ്തെടുത്ത് വ്യാജപ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ ദൃശ്യങ്ങൾക്ക് വ്യക്തത വളരെ കുറവാണ്. റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന വനിത ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപി കക്കോലി ഘോഷ് ദസ്തിദാര് ആണെന്ന് മനസ്സിലാക്കാനായി. ഈ സൂചന ഉപയോഗിച്ച് യൂട്യൂബിൽ തിരഞ്ഞപ്പോൾ അവരുടെ പല വീഡിയോകൾ ലഭിച്ചു.
സൻസദ് ടിവിയിൽ 2022 ഓഗസ്റ്റ് ഒന്നിന് കക്കോലി ഘോഷിന്റെ പ്രസംഗത്തിന്റെ പൂർണ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion under Rule 193 on price rise എന്ന തലക്കെട്ടിൽ ഏതാണ്ട് 15 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ആണിത്. പാർലമെന്റ് പ്രസംഗത്തിനിടെ വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെതിരെ കക്കോലി ഘോഷ് വിമർശനം നടത്തുന്നതിനിടെ ഭരണപക്ഷ എംപിമാർ ബഹളമുണ്ടാക്കി. അപ്പോഴാണ് നിങ്ങൾക്കൊന്നും അറിയില്ലെന്നും മിണ്ടാതെ ഇരിക്കുക എന്നും കക്കോലി ഘോഷ് പറഞ്ഞത്. ദൃശ്യങ്ങളിൽ ഒരിടത്തും അമിത് ഷാ പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പിന്നീട് ഞങ്ങൾ അമിത് ഷായുടെ ദൃശ്യങ്ങൾ വരുന്ന ഭാഗത്തെക്കുറിച്ച് അന്വേഷിച്ചു. ഇതേ ദൃശ്യങ്ങൾ സന്സദ് ടിവിയിലെ ഒരു വീഡിയോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസ്താവന എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിര്ക്കുന്നത്.
അസദുദ്ദീൻ ഒവൈസിയോട് സുരക്ഷ സ്വീകരിക്കാൻ സഭയെ സാക്ഷിനിർത്തി അഭ്യർത്ഥിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അമിത് ഷാ പ്രസംഗം നിർത്തി തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കുന്നത്. ഈ രണ്ടു വീഡിയോകളിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങൾ മാത്രമെടുത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. രണ്ട് വ്യത്യസ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് തൃണമൂല് കോൺഗ്രസ് എംപി കക്കോലി ഘോഷ് അമിത് ഷായുടെ നേർക്ക് കയർത്ത് സംസാരിക്കുന്നു എന്ന വ്യാജ പ്രചരണം നടത്തുകയാണ്.