മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ (യുനൈറ്റഡ് നേഷൻസ്) സുസ്ഥിര ഗതാഗത വികസന ഉപദേശക സമിതിയിലേക്ക് നിയമിച്ചു എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്. "ഉയരങ്ങളിൽ ഈ മലയാളി സാന്നിദ്ധ്യം. ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമായി യു എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ നിയമിച്ചു" എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റിൻറെ പൂർണ്ണരൂപം താഴെ കാണാം.
എന്നാൽ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ വാർത്താ 2015ൽ നിന്നുള്ളതാണെന്നും നിലവിൽ ഇങ്ങനെ ഒരു ഉത്തരാവാദിത്വം താൻ വഹിക്കുന്നില്ലെന്നും ഇ ശ്രീധരൻ ഞങ്ങളോട് വ്യക്തമാക്കി.
AFWA അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റുകളിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലായി പറയുന്നത് ബാൻ കി മൂണിൻറെ പേരാണ്. എന്നാൽ നിലവിൽ യു.എൻ സെക്രട്ടറി ജനറൽ പോർച്ചുഗലിൽ നിന്നുള്ള അന്റോണിയോ ഗുട്ടെറെസ് ആണ്. 2017ലാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ തലവനായാത്. ദക്ഷിണ കൊറിയക്കാരനായ ബാൻ കി മൂൺ സെക്രട്ടറി ജനറലായിയിരുന്നത് 2007 മുതൽ 2016വരെയുള്ള കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ പോസ്റ്റിലെ വാദം തെറ്റാണെന്ന് ബോധ്യമായി.
തുടർന്ന് കൂടുതൽ വ്യക്തതക്ക് വേണ്ടി ഞങ്ങൾ ഇ ശ്രീധരനെ ബന്ധപ്പെട്ടു. പ്രചരിക്കുന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. "ഇത് പഴയ വാർത്തയാണ്. ഞാൻ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ഇരുന്നത് വർഷങ്ങൾക്ക് മുമ്പാണ്. അന്നുണ്ടായിരുന്ന സെക്രട്ടറി ജനറൽ വിരമിച്ചപ്പോൾ എൻ്റെ സേവനവും ടെർമിനേറ്റ് ആവുകയാണ് ഉണ്ടായത്. എങ്ങനെയാണ് ഇതിപ്പോൾ വാർത്തയായത് എന്നെനിക്ക് അറിയില്ല,: അദ്ദേഹം പറഞ്ഞു.
ഈ വിവരം അടിസ്ഥാനമാക്കി ഞങ്ങൾ നടത്തിയ തിരച്ചിലിൽ ശ്രീധരന്റെ യു.എൻ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഡല്ഹി മെട്രോ റെയില് ലിമിറ്റഡ്(DMRC) മുഖ്യ ഉപദേഷ്ടാവായി ഇരിക്കുമ്പോഴാണ് 2015 സെപ്റ്റംബറിൽ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ സുസ്ഥിര ഗതാഗതത്തിനുള്ള (HLAG-ST) ഉന്നതതല ഉപദേശക സമിതിയില് അംഗമാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് 2015 സെപ്റ്റംബർ 18ന് ഇന്ത്യ ടുഡേ നൽകിയ വാർത്ത ഇവിടെ വായിക്കാം.
ഇതിൽ നിന്നും 2021ൽ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമായി നിയമിച്ചു എന്നുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം.
ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമായി നിയമിച്ചു
2015ലാണ് ഇ ശ്രീധരൻ യു.എൻ സുസ്ഥിര ഗതാഗതത്തിനുള്ള (HLAG-ST) ഉന്നതതല ഉപദേശക സമിതിയില് അംഗമാകുന്നത്. നിലവിൽ അദ്ദേഹം സംഘടനയുടെ യാതൊരുവിധ പദവികളും വഹിക്കുന്നില്ല.