| schema:text
| - ഫാക്ട് ചെക്ക്: ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റാക്കി മാറ്റിയോ?
സ്ത്രീകൾക്ക് സൌജന്യമുള്ള പ്രിയദർശനി പദ്ധതി അട്ടിമറിക്കാനാണ് നീക്കമെന്നാണ് പ്രചാരണം
Claim :
സൗജന്യ യാത്ര ഒഴിവാക്കാൻ കെഎസ്ആർടിസി ഓർഡിനറി ബസുകൾ 'സിറ്റി ഫാസ്റ്റ്' ആക്കി മാറ്റുന്നുFact :
പ്രചാരണം വ്യാജമാണ്. ഇത്തരം മാറ്റം നടന്നിട്ടില്ലെന്ന് കെഎസ്ആർടിസിയും സർക്കാരും അറിയിച്ചുകേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ 'ഇന്ദിര ഗ്യാരന്റികളിൽ' ഉൾപ്പെടുത്തി 2026 ജൂൺ 15 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി. ഇതിലൂടെ സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സ്കൂൾ/കോളേജ് വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യാൻ പ്രത്യേകം കൺസെഷൻ കാർഡുകൾ എടുക്കേണ്ടതില്ല. സംസ്ഥാനത്തുടനീളമുള്ള 3,125 കെഎസ്ആർടിസി ഓർഡിനറി വിഭാഗം ബസുകളാണുള്ളത്. ആദ്യത്തെ 100 ദിവസത്തെ അവലോകനത്തിന് ശേഷം ഈ പദ്ധതി മറ്റ് ഉയർന്ന ക്ലാസ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ തീരുമാനിക്കും
അതിനിടെ, സൗജന്യ യാത്ര ഒഴിവാക്കാൻ കെഎസ്ആർടിസി ഓർഡിനറി ബസുകൾ 'സിറ്റി ഫാസ്റ്റ്' ആക്കി മാറ്റുന്നു എന്ന പ്രചാരണം വ്യാപകമാകുന്നുണ്ട്. ബസ്സുകളിൽ ‘City Fast’ എന്ന സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണെന്ന തരത്തിലാണ് പോസ്റ്റുകൾ. ഓർഡിനറി ബസ്സിന്റെ അതേ നിറമുള്ള ബസ്സുകളിൽ സിറ്റി ഫാസ്റ്റ് എന്നെഴുതിയ സ്റ്റിക്കർ പതിപ്പിച്ച തരത്തിലുള്ള ചിത്രത്തോടൊപ്പമാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ പ്രചരണത്തിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
സൗജന്യ യാത്ര ഒഴിവാക്കാൻ കെഎസ്ആർടിസി ഓർഡിനറി ബസുകൾ 'സിറ്റി ഫാസ്റ്റ്' ആക്കി മാറ്റുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇത്തരം മാറ്റം നടന്നിട്ടില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഫാസ്റ്റ് സ്റ്റേജ് ഓർഡിനറി, ടൗൺ റ്റു ടൗൺ, പോയിന്റ് റ്റു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് തരം സർവീസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേക നിരക്കും പ്രത്യേക സർവീസ് ക്ലാസും ഉള്ളതിനാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല.
സിറ്റി ഫാസ്റ്റ് സർവീസുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ചോ നിലവിലുള്ള ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നത് സംബന്ധിച്ചോ റിപ്പോർട്ടുകളുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ അത്തരം റിപ്പോർട്ടുകൾ ലഭ്യമായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള സർക്കാരിൻ്റെ ഔദ്യോഗിക സമൂഹ മാധ്യമ പോസ്റ്റ് ലഭിച്ചു.
കേരള ഗവൺമെൻ്റ് എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഇങ്ങനെയാണ്. "കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെ.എസ്.ആർ.ടി.സി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി "CITY FAST" എന്ന സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി അറിയിച്ചു.
പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ട്. വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ "CITY FAST" എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.
കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി "CITY FAST" സ്റ്റിക്കറുകൾ പതിപ്പിച്ചത്.
നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുൾപ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ട്. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവീസുകളുടെ കൃത്യമായ പട്ടിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കെ.എസ്.ആർ.ടി.സി മുൻകൂട്ടി കൈമാറിയിട്ടുള്ളതുമാണ്."
പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസിയും ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില് പങ്കുവച്ച പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. ‘നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുൾപ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ട്. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവീസുകളുടെ കൃത്യമായ പട്ടിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കെഎസ്ആർടിസി മുൻകൂട്ടി കൈമാറിയിട്ടുള്ളതുമാണ്. എന്നാണ് പോസ്റ്റ്
ഇതോടെ, പ്രിയദർശിനി സൌജന്യ യാത്ര ഒഴിവാക്കാൻ കെഎസ്ആർടിസി ഓർഡിനറി ബസുകൾ 'സിറ്റി ഫാസ്റ്റ്' ആക്കി മാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. നിലവിലുള്ള സിറ്റി ഫാസ്റ്റ് ബസുകൾ മാത്രമാണ് സിറ്റി ഫാസ്റ്റായി സർവീസ് നടത്തുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു
|