യുപി സിതാപൂരിലെ സ്വകാര്യ സംസ്കൃത സ്കൂള് അധ്യാപകന് വിദ്യാര്ത്ഥിയെ മര്ദ്ദിച്ച പഴയ സംഭവം ഹരിദ്വാറിന്റെ പേരില് വീണ്ടും വൈറലാകുന്നു ....
മറ്റ് കുട്ടികൾ നോക്കിനിൽക്കെ ഒരാൾ കുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പ്രചരണം
ചെറിയ കുട്ടിയെ ഒരാള് ക്രൂരമായി മർദ്ദിക്കുകയും നിലത്ത് എറിയുകയും ചെയ്യുന്നു. കുട്ടി നിർത്താൻ യാചിക്കുമ്പോള് അയാള് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് കേൾക്കാം. ഹരിദ്വാറിലെ ദളിത് ഹോസ്റ്റലില് നടന്ന സംഭവം എന്നാരോപിച്ച് ഇപ്പമുള്ള വിവരണം ഇങ്ങനെ: “ഹരിദ്വാറിലെ അനാഥാലയത്തിൻ്റെ യാഥാർത്ഥ്യം പരിശോധിക്കുക.
ഈ കശാപ്പുകാരൻ ശിക്ഷിക്കപ്പെടാൻ ഇത് പരമാവധി ഷെയർ ചെയ്യുക. ദയവായി ഷെയർ ചെയ്യുക. ഇത് രാജ്യത്തുടനീളം ഷെയർ ചെയ്യുക, അതുവഴി ഇന്ത്യയിലെ എല്ലാ മൊബൈലിലും ഇത് എത്തും"
എന്നാല് ഉത്തര്പ്രദേശ്ലെ സിതാപ്പൂരില് നടന്ന പഴ സംഭവ്മാന് ഇതെന്നും സംഭവത്തിന് സാമുദായിക തലങ്ങള് ഇല്ലെന്നും അന്വേഷണത്തില് ഞങ്ങള് കണ്ടെത്തി.
വസ്തുത ഇതാണ്
നിരവധി ഉപയോക്താക്കൾ ‘ദലിത്’ അവകാശവാദവുമായാണ് വീഡിയോ പങ്കിടുന്നത്. വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള് 2023 ഒക്ടോബർ 9 മുതൽ പബ്ലിക് ആപ്പിന്റെ ഒരു വാർത്താ അപ്ഡേറ്റ് ഞങ്ങൾ കണ്ടു. ഹിന്ദിയിലെ തലക്കെട്ട് ഇങ്ങനെ: "സീതാപൂർ: സിതാപൂർ സംസ്കൃത വിദ്യാലയമായ സിധൗലിയിലെ സതീഷ് ആചാര്യ വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും ആക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി".
ഇതില് നിന്ന് സൂചന സ്വീകരിച്ച്, ഞങ്ങൾ കൂടുതല് തിരഞ്ഞപ്പോള് വീഡിയോയുമായി ബന്ധപ്പെട്ട ഒക്ടോബർ മുതലുള്ള വാർത്താ റിപ്പോർട്ടുകള് ലഭ്യമായി. ഒക്ടോബർ 9 ലുള്ള ആജ് തക് റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശിലെ സിതാപൂരിലെ സിധൗലി മേഖലയിലെ സംസ്കൃത സ്കൂളിലാണ് ആണ് സംഭവം നടന്നത്.
അധ്യാപകൻ ആചാര്യ സതീഷ്, റിപ്പോർട്ടിലെ ആദ്യപേരിൽ മാത്രം തിരിച്ചറിഞ്ഞ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ചില നിസാര കാരണങ്ങളാൽ മർദിക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ പോലീസിൽ വിവരം ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബര് ഒമ്പതിന് പ്രസിദ്ധീകരിച്ച വാര്ത്തയില്, വീഡിയോയ്ക്ക് മൂന്ന് മാസത്തോളം പഴക്കമുണ്ടെന്ന് പറയുന്നു.
ഒക്ടോബർ 9-ന് സീതാപൂർ പോലീസ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി.
വൈറൽ വീഡിയോയ്ക്ക് 2 മാസം പഴക്കമുണ്ടെന്നും സിദ്ധുവാലി മേഖലയിലെ കിഷോരി സംസ്കൃത വിദ്യാലയത്തിൽ നിന്നുള്ളതാണെന്നും പ്രസ്താവിക്കുന്ന ശ്രീ രാജു കുമാർ സാബ്, സിഒ സദറിന്റെ വീഡിയോ പ്രസ്താവനയാണ് ട്വീറ്റിലുള്ളത്. അധ്യാപകൻ ആചാര്യ സതീഷ് ജോഷിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംഭവം നടന്ന വിദ്യാലയം വിദ്യാർത്ഥികൾ താമസിക്കുന്ന ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളാണ്. മര്ദ്ദനമേറ്റ കുട്ടി തന്റെ വീട്ടിലേയ്ക്ക് പോയതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്. ഇത് കുട്ടിയെ മർദിച്ച് ശിക്ഷിക്കാൻ അധ്യാപകനെ പ്രേരിപ്പിച്ചു. അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ദൈനിക് ഭാസ്കര് വാര്ത്ത അറിയിക്കുന്നു.
ന്യൂസ് ടൈം നേഷൻ ഈ വിഷയത്തിൽ പോസ്റ്റു ചെയ്ത ഒരു വീഡിയോ റിപ്പോർട്ട് ഞങ്ങൾ കണ്ടു. സീതാപൂർ പോലീസ് സ്കൂളിലെ വിദ്യാർത്ഥികളെ കാണുകയും അത്തരത്തിലുള്ള എന്തെങ്കിലും സംഭവം ആവർത്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള് വീഡിയോയിൽ കാണാം. അധ്യാപകൻ സതീഷ് ജോഷി ജൂലൈയിൽ നാടുവിട്ടെന്ന് വിദ്യാർഥികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
നിഗമനം
വീഡിയോയിൽ കുട്ടിയെ അധ്യാപകൻ മർദിച്ച സംഭവം നടന്നത് ഹരിദ്വാറിലല്ല, 2023 ഒക്ടോബറില് പുറത്തുവന്ന സംഭവം നടന്നത് ഉത്തര്പ്രദേശിലെ സീതാപൂരിലാണ്. ഇത് ദളിത് അനാഥാലയമല്ല, സ്വകാര്യ സംസ്കൃത വിദ്യാലയമാണ്. സ്കൂൾ ബോര്ഡിംഗില് താമസിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോയതിനാണ് കുട്ടിയെ അധ്യാപകൻ മർദിച്ചത്. സംഭവത്തിന് വര്ഗീയമോ, സാമുദായികമോ ആയ തലങ്ങളില്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിദ്വാറുമായി ദൃശ്യങ്ങള്ക്ക് യാതൊരു ബന്ധവുമില്ല.