തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് തര്ക്കവുമായി ബന്ധപ്പെട്ട് നേതാക്കള് പാര്ട്ടി വിടുകയും എതിര് പാര്ട്ടിയില് ചേരുന്നതുമായി സംഭവങ്ങള് വാര്ത്തകളില് നിറയാറുണ്ട്. ജനസ്വാധീനമുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് നല്ല ഓഫര് നല്കി കൂടെക്കൂട്ടുന്ന സംഭവങ്ങളും നിരവധിയാണ്. അടുത്തിടെ മുന് പ്രതിരോധമന്ത്രിയും കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവുമായ എ.കെ. ആന്റണിയുടെ മകന് അനില് ആന്റണി കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്ന സംഭവം ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. അതിനിടെ തിരുവനന്തപുരം കോവളത്ത് നൂറോളം സിപിഎം പ്രവര്ത്തകര് പാര്ട്ടി ഓഫിസ് ഉള്പ്പെടെ ബിജെപിയില് ചേര്ന്നതായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചാത്തിലുണ്ട്.
'തിരുവനന്തപുരത്ത് CPM പാര്ട്ടി ഓഫീസടക്കം BJP യിലേക്ക് 100 കണക്കിന് CPIM പ്രവര്ത്തകരാണ് BJP യില് ചേര്ന്നത്
ത്രിപുരയും ബംഗാളും കേരളത്തിലും ആവര്ത്തിക്കും.??
അത് കൊണ്ട് സംഘികളോട് പറയാനുള്ളത് ??
അന്തംകമ്മികളെ കാണുമ്പോള് കുറച്ചൊക്കെ മയത്തില് പെരുമാറുക,?? സംസാരിക്കുന്നതിനിടയില് വലിച്ചുകീറി ഭിത്തിയില് തേച്ചൊട്ടിക്കരുത് അപേക്ഷയാണ്
ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് സുസ്വാഗതം' എന്നുള്ള പോസ്റ്റിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് 2021ലെ സംഭവമാണ്.
AFWA അന്വേഷണം
പ്രചാരത്തിലുള്ള പോസ്റ്റിലുള്ളത് മാതൃഭൂമി ന്യൂസ് നല്കിയ വാര്ത്തയാണ്. കോവളത്തെ മുല്ലൂര്, തോട്ടം എന്നീ രണ്ട് ബ്രഞ്ചുകളിലെ പ്രവര്ത്തകരായ 92 പേര് തങ്ങളോടൊപ്പം ചേര്ന്ന് പാര്ട്ടി വിട്ടതായി ബിജെപി അവകാശപ്പെട്ടുവെന്നാണ് വാര്ത്തയില് പറയുന്നത്. ഒരു കമ്മറ്റി ഓഫിസ് പെയിന്റ് മാറ്റി ബിജെപി ഓഫിസ് ആക്കുന്ന ദൃശ്യങ്ങളും കാണാനാകുന്നുണ്ട്. എന്നാല് വാര്ത്തയില് ഡേറ്റ് നല്കിയിരുന്ന ഭാഗം മറച്ചുവച്ചിട്ടുള്ളതിനാല് സമീപകാലത്തെ വാര്ത്തയാണോ എന്ന് വ്യക്തമല്ല. ഇത്തരമൊരു സംഭവം അടുത്തിടെ നടന്നിരുന്നോ എന്നതാണ് ഞങ്ങള് അന്വേഷിച്ചത്. ഇതില് നിന്ന് ഇത് പഴയ സംഭവമാണെന്ന് മനസിലാക്കാനായി. 2021 ഫെബ്രുവരി 26ന് മാതൃഭൂമി നല്കിയ വാര്ത്ത ലഭ്യമായി.
ഈ സംഭവത്തെപ്പറ്റി അന്വേഷിച്ചപ്പോള് സിപിഎം ഏരിയ കമ്മറ്റി അംഗമായിരുന്ന മുക്കോല പ്രഭാകരന് എന്നയാളുടെ നേതൃത്വത്തിലാണ് ചിലര് പാര്ട്ടിവിട്ടതെന്ന് മനസിലാക്കാനായി. തുടര്ന്ന് ഞങ്ങള് മുക്കോല പ്രഭാകരനെ ബന്ധപ്പെട്ടു. " 2021ലെ നിയമസഭാ ഇലക്ഷന് മുന്പാണ് ഞങ്ങള് കുറച്ചാളുകള് പാര്ട്ടിവിടാന് തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസം തന്നെയാണ് കാരണം. രണ്ട് ബ്രാഞ്ച് കമ്മറ്റികളിലെ ഏകദേശം 40 ഓളം പേര് എനിക്കൊപ്പം ബിജെപിയില് ചേര്ന്നിരുന്നു. ഞാന് ഇപ്പോള് ബിജെപിയുടെ സംസ്ഥാന കൗണ്സില് അംഗമാണ്. വളരെ നല്ല രീതിയില് പ്രവര്ത്തനം മുന്നോട്ടു പോകുന്നുണ്ട്. എന്റെ ഒപ്പം ചേര്ന്നവരും കൂടെയുണ്ട്. ഇതില് ഒരാളുടെ വീടിനോട് ചേര്ന്ന മുറിയാണ് ബിജെപി ഓഫിസാക്കി മാറ്റിയത്. ഇത് പണ്ട് സിപിഎം മീറ്റിംഗുകള് കൂടുന്ന സ്ഥലമായിരുന്നു, " പ്രഭാകരന് വ്യക്തമാക്കി.
സിപിഎമ്മിന്റെ ഔദ്യോഗിക ഓഫിസ് ആയിരുന്നോ ബിജെപി ഓഫിസാക്കി മാറ്റിയതെന്ന വിവരമാണ് പിന്നീട് ഞങ്ങള് അന്വേഷിച്ചത്. ഇതിനായി സിപിഎം കോവളം ഏരിയ കമ്മറ്റി സെക്രട്ടറി പിഎസ് ഹരികുമാറുമായി ഞങ്ങള് സംസാരിച്ചു. "നൂറ് പേര് പാര്ട്ടി വിട്ടുപോയെന്ന പ്രചാരണം തന്നെ തെറ്റാണ്. മുക്കോല പ്രഭാകരന്റെ ഒപ്പം 25ഓളം പേരാണ് അന്ന് ബിജെപിയില് ചേര്ന്നത്. എന്നാല് അവര് ബിജെപിയില് ചേരുമ്പോള് പാര്ട്ടി അംഗങ്ങളായിരുന്നില്ല, അച്ചടക്ക നടപടിയെടുത്തതിനെത്തുടര്ന്ന് പാര്ട്ടി പുറത്താക്കിയവരാണ്. മുക്കോല പ്രഭാകരന് പാര്ട്ടി സ്ഥാനാര്ഥിക്ക് ബദലായി തദ്ദേശ തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയെ നിര്ത്തി. ഇതേത്തുടര്ന്നാണ് അയാളെ പുറത്താക്കിയത്. ഇവരോടൊപ്പമുണ്ടായിരുന്ന വയല്ക്കര മധുവിന്റെ വീട്ടിലെ ഒരു മുറിയാണ് ബിജെപി ഓഫിസ് ആക്കി മാറ്റിയത്. ഇത് സിപിഎമ്മിന്റെ ഓഫിസായിരുന്നില്ല. സിപിഎമ്മിന് മുക്കോല മേഖലയില് ഓഫിസ് ഉണ്ടായിരുന്നില്ല. ഇപ്പോള് പഴയ വാര്ത്ത ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് പ്രചാരണം നടത്തുകയാണ്, " ഏരിയ സെക്രട്ടറി പറഞ്ഞു.
2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥി തര്ക്കമാണ് സിപിഎം അംഗങ്ങള് പാര്ട്ടിവിടുന്നതിന് ആധാരമായ സംഭവം. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില് ഇവര് പാര്ട്ടി വിടുകയും ബിജെപിയില് ചേര്ന്ന് പ്രവര്ത്തിക്കുയുമായിരുന്നു. ബിജെപി സംസ്ഥാന നേതാക്കള് ഉള്പ്പെടെയുള്ളവര് പങ്കെടുത്ത പരിപാടിയില് ഇവര്ക്ക് സ്വീകരണം നല്കിയതായും വാര്ത്തകളില് നിന്നും മനസിലാക്കാനായി. എന്നാല് പാര്ട്ടി വിട്ട പ്രവര്ത്തകന് പറഞ്ഞതനുസരിച്ച് 40 ഓളംപേരാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നതെന്നും 2021ലെ സംഭവമായിരുന്നുവെന്നും വ്യക്തമാണ്.
ലഭ്യമായ വിവരങ്ങളില് നിന്ന് കോവളത്ത് നൂറുകണക്കിന് പേര് സിപിഎം വിട്ട് പാര്ട്ടി ഓഫിസ് സഹിതം ബജെപിയില് ചേര്ന്നുവെന്ന ആരോപണം 2021ലേതാണെന്നും സമീപകാലത്തേതല്ലെന്നും വ്യക്തം.
തിരുവനന്തപുരം, കോവളത്ത് നൂറുകണക്കിന് സിപിഎമ്മുകാര് പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്നു.
ഈ സംഭവം 2021ലേതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഎം പുറത്താക്കിയ അംഗങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയില് ചേര്ന്നത്.