അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത്, കറാച്ചി തീരങ്ങൾ തൊടാൻ മണിക്കൂറുകൾ മാത്രമാണുള്ളത്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും ഗുജറാത്തിലെ കച്ച് ജില്ലയിൽ ചുഴലിക്കാറ്റ് കരതൊടുന്നതെന്ന് മുന്നറിയിപ്പുണ്ട്. ഇതിനിടെ, വലിയ തിരമാലയിൽ അകപ്പെട്ട ഒരു ബോട്ടിനടുത്തേക്ക് ഹെലിക്കോപ്റ്ററിലെത്തിയ രക്ഷാപ്രവർത്തകൻ നീന്തിയെത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ബിപോർജോയ് ചുഴലിക്കാറ്റ് കാരണം അറബിക്കടലിലുണ്ടായ അപകടമാണെന്നാണ് അവകാശവാദം. വീഡിയോ ഗുജറാത്തിൽ നിന്നാണെന്നും ചില പോസ്റ്റുകളിലുണ്ട്.
എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ യുഎസ്എയിലെ കൊളംബിയാ നദിയിൽ നിന്നുള്ളതാണെന്നു ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രേയ്മ്സ് റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. ഫെബ്രുവരി അഞ്ചിന് നൽകിയിരിക്കുന്ന വാർത്തകൾ പ്രകാരം വീഡിയോ യുഎസ്എയിൽ നിന്നുള്ളതാണ്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശി ജെറീക്കോ ലബോൻ്റെയെ യുഎസ് കോസ്റ്റ് ഗാർഡ് (USCG Pacific Northwest) രക്ഷിക്കുന്നതിൻ്റെ വീഡിയോ ആണിത്.
കൊളംബിയാ നദി പസഫിക് മഹാസമുദ്രത്തിൽ ചേരുന്ന “കൊളംബിയ നദിയുടെ വായ്”, "പസഫിക് മഹാസമുദ്രത്തിൻ്റെ ശവപ്പറമ്പ്" എന്നുമറിയപ്പെടുന്ന പ്രദേശത്തുനിന്നുമാണ് ജെറീക്കോ ലബോൻ്റെയെ കോസ്റ്റ് ഗാർഡ് വളരെ സാഹസികമായി രക്ഷിച്ചത്. ഒറീഗണിലെ അസ്റ്റോറിയയക്ക് സമീപമാണ് ഈ പ്രദേശം. സ്റ്റീവൻ സ്പിൽബർഗിൻ്റെ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച “The Goonies” എന്ന സിനിമ ഷൂട്ട് ചെയ്ത അസ്റ്റോറിയയിലെ വീട്ടിൽ ജെറീക്കോ സന്ദർശനം നടത്തുകയും ചത്ത മീനിനെ അവിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് അസ്റ്റോറിയയിൽ നിന്നും മോഷ്ടിച്ച ബോട്ടിൽ നദിയിലൂടെ യാത്ര ചെയ്യവേ ഇയാൾ വലിയ തിരമാലയിൽപ്പെട്ടത്. കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ച ഉടൻ തന്നെ മൂന്ന് റെസ്ക്യൂ ബോട്ടുകളും ഹെലിക്കോപ്റ്ററും ജെറീക്കോയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. അപകടമേറിയ ഈ റെസ്ക്യൂ ഓപ്പറേഷൻ കോസ്റ്റ് ഗാർഡിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറംലോകമറിഞ്ഞത്.
ബിപോർജോയ് ചുഴലിക്കാറ്റിൻ്റെ സാന്നിധ്യമുള്ളതിനാൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. പ്രചാരത്തിലുള്ള വീഡിയോ ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ആജ് തക് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് തിരുത്തി.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ ബിപോർജോയ് മൂലം അറേബ്യൻ കടലിലുണ്ടായ അപകടത്തിൻ്റേതല്ലെന്നും അമേരിക്കയിൽ നിന്നുള്ളതാണെന്നും വ്യക്തം.
ബിപോർജോയ് ചുഴലിക്കാറ്റ് കാരണം അറബിക്കടലിലുണ്ടായ അപകടം
ഇത് യുഎസ് കോസ്റ്റ് ഗാർഡ് കൊളംബിയ നദിയിൽ നിന്നും ജെറീക്കോ ലബോൻ്റെ എന്ന കുറ്റവാളിയെ രക്ഷിക്കുന്നതിൻ്റെ വീഡിയോ ആണ്.