schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: റമദാൻ മാസത്തിൽ യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നു.
Fact: ഈ മുന്നറിയിപ്പ് വ്യാജമാണ് എന്ന് കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരള പോലീസിന്റെ ലെറ്റര് പാഡില്, “കേരള പോലീസ് അറിയിപ്പ്” എന്ന തലക്കെട്ടിലുള്ള ഒരു നോട്ടീസ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. പോലീസിന്റെ സീലും ഒപ്പുമെല്ലാം ഉള്ളതാണ് നോട്ടീസ്.
“കേരള പോലീസ് അറിയിപ്പ് പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവർ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ ഇവർ വന്നാൽ വാതിൽ തുറക്കാതെ അവരെ പറഞ്ഞു വിടുക. പൊലീസ് കണക്ക് പ്രകാരം ഈ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകൾ. ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്, റമദാൻ മാസത്തിൽ യാചിക്കാനും റമദാനിൽ നോമ്പെടുത്തു അവശരായവരെ കീഴ്പെടുത്തി കവർച നടത്താനുമാണെന്നാണ്. യാചകരെ അകറ്റുക. വീടും പരിസരവും സുരക്ഷിതമാക്കുക,” എന്നാണ് നോട്ടീസിൽ പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ഷെയേർചാറ്റിലും ഈ നോട്ടീസ് പ്രചരിക്കുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഇതേ പോസ്റ്റ് 2018ലും 2019 ലും വൈറലായിരുന്നുവെന്ന് മനസ്സിലായി. മേയ് 9,2018ൽ ഇത്തരം വ്യാജ പോസ്റ്റുകൾക്കെതിരേ നടപടി എടുക്കുമെന്ന് ഫേസ്ബുക്കിൽ കേരള പോലീസ് അറിയിച്ചതായി ഞങ്ങൾ കണ്ടെത്തി.
“റമദാൻ കാലയളവിൽ കേരളത്തിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് യാചക വേഷത്തിൽ ക്രിമിനൽ സംഘങ്ങൾ എത്തുമെന്നും, ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിക്കുന്ന ഒരു അറിയിപ്പ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരിൽ വ്യാജവാർത്തയായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള യാതൊരു നിർദ്ദേശവും കൊല്ലം ഈസ്റ്റ് പോലീസ് നല്കിയിട്ടില്ല. വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ നിർദ്ദേശം നല്കിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്,” എന്ന ഈ പോസ്റ്റ് പറയുന്നത്.
ഏപ്രിൽ 19, 2019 ൽ സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക പേജിൽ ഈ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കി പോസ്റ്റിട്ടിട്ടുണ്ടായിരുന്നുവെന്നും ഞങ്ങൾക്ക് മനസ്സിലായി.
“യാചകർ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജം. ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തുന്ന യാചകർ ക്രിമിനലുകളാണെന്ന തരത്തിൽ കേരളാ പോലീസിൻ്റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളാ പോലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല,” എന്നാണ് പോലീസ് മേധാവിയുടെ പോസ്റ്റ്.
സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനോട് ഈ വിഷയം സംസാരിച്ചു. മുൻപും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. “ഇപ്പോൾ വീണ്ടും ഇത് വൈറലാവുന്നുണ്ട്. സന്ദേശം വ്യാജമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പോരെങ്കിൽ സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ, കേരളയുടെ ഫേസ്ബുക്ക് പേജിൽ മാർച്ച് 12,2024ലെ പോസ്റ്റിലും ഈ വാർത്ത വ്യാജമാണെന്ന് അറിയിച്ചിട്ടുണ്ട്. “വ്യാജവാര്ത്തകള് നിര്മ്മിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്,” എന്ന് അവരുടെ പോസ്റ്റ് പറയുന്നു.
ഇവിടെ വായിക്കുക: Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം
ഉത്തരേന്ത്യയില് നിന്നുള്ള കൊടും ക്രിമിനലുകള് റമദാന് മാസത്തില് യാചക വേഷത്തിൽ കേരളത്തിലെത്തുമെന്നും ജാഗ്രതപുലര്ത്തണമെന്നും പോലീസിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടുന്ന കത്ത് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?
Sources
Facebook post by State Police Chief Kerala on April 20.2019
Facebook post by Kerala Police on May 9, 2018
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar
Facebook post by State Police Media Centre Kerala on March 12,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
January 2, 2025
Sabloo Thomas
October 25, 2024
Sabloo Thomas
September 23, 2024
|