schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവം സമൂഹ മാധ്യമത്തിൽ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ശബരിമലയുവതി പ്രവേശനം മുൻപും പല വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
ശബരിമലയില് യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ 2018 സെപ്തംബര് 28 ലെ വിധി അനുവദിച്ചു കൊണ്ട് വിധി വന്നത് മുതലാണ് ഈ വിവാദങ്ങൾ തുടങ്ങിയത്. ആ വിധി ഇപ്പോഴും നിലനില്ക്കുന്നു. പുനഃപരിശോധനാ ഹര്ജികള് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതി പ്രവേശനക്കാര്യത്തില് അന്തിമ തീരുമാനം എടുത്തിട്ടില്ല. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്പ്പിച്ച 56 ഹര്ജികളില് ചൂണ്ടികാട്ടിയ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങള് ഏഴംഗ വിശാല ബെഞ്ചിലേക്ക് മാറ്റിയെന്നാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. അതേസമയം രണ്ട് ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡും രോഹിന്റന് നരിമാനും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില് ഉറച്ചുനില്ക്കുകയും ചെയ്തു.
ശബരിമല വിഷയം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിനുശേഷം നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകളും പുറത്ത് വന്നിരുന്നു. സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി ഖേദപ്രകടനവുമായി എത്തിയതോടെയാണ് നിയമസഭ പ്രചാരണ രംഗത്തെ ചിത്രം മാറിയത്. എന്തായാലും നിയമസഭ തിരെഞ്ഞെടുപ്പിൽ ഈ വിഷയം സിപിഎമ്മിനെയോ, എൽഡിഎഫിനെയോ പ്രതികൂലമായി ബാധിച്ചില്ല. തുടർഭരണം എൽഡിഎഫിന് ലഭിച്ചതിൽ നിന്നും ഇത് വ്യക്തമാണ്.
വിധിയെ തുടർന്ന് പല പ്രാവശ്യം യുവതികൾ ശബരിമല കയറാൻ ശ്രമിച്ചു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് പൊലീസ് സംരക്ഷണയിൽ മല കയറാനെത്തി. എന്നാൽ മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെ പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് യാത്ര മതിയാക്കി അവർ മലയിറങ്ങി.
തെലങ്കാനയിൽ നിന്നുള്ള കവിതയും മലയാളി ആക്ടിവിസ്റ്റ് രഹന ഫാത്തിമയും പൊലീസ് സംരക്ഷണയിൽ നടപ്പന്തലിന് സമീപംവരെയെത്തി. എന്നാൽ സന്നിധാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഉദ്യമത്തിൽ നിന്ന് പൊലീസ് പിന്മാറി. കൊല്ലം ചാത്തന്നൂർ സ്വദേശിയായ മഞ്ജു പമ്പയിൽ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ശബരിമല കയറിയത് വിവാദമായിരുന്നു. അതിന് ശേഷം അവർ ആക്രമിക്കപ്പെട്ടു.
ഇതിനെ തുടർന്നും ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ചിരഞ്ജീവിയോടൊപ്പം വന്ന സ്ത്രീയുടെ വയസിനെ കുറിച്ച് വിവാദം ഉണ്ടായത്.
ഈ വിഷയത്തിൽ Sincy Anil എന്ന പ്രൊഫൈൽ ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന് 406 ഷെയറുകൾ ഉണ്ടായിരുന്നു.
“ആചാര സംരക്ഷകർ ആരും ഈ വീഡിയോ കണ്ടില്ലേ ആവോ. ഇത് റിപ്പോർട്ട് ചെയ്യുന്ന ജനം tv യുടെ ഒരു അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്,” എന്നാണ് പോസ്റ്റ്പ റയുന്നത്.
അജിനേഷ് കണ്ണൂർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 69 ഷെയറുകൾ ഉണ്ടായിരുന്നു.
Anish Cheriyan എന്ന ഐഡിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു പോസ്റ്റ് 14 പേര് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു
സംഘപരിവാർ അനുകൂല നിലപാട് എടുക്കുന്ന ജനം ടിവി, ചിരഞ്ജീവി ശബരിമല കയറിയതുമായി ബന്ധപ്പെട്ടു കൊടുത്ത വാർത്ത ഷെയർ ചെയ്തു കൊണ്ടാണ് ഈ പ്രചരണം. യുവതി പ്രവേശനത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ചാനലാണ് ജനം ടിവി. “ജനം ടിവി ഇപ്പോൾ എന്ത് പറയുന്നു” എന്ന ചോദ്യത്തോടെയാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്.
തങ്ങളുടെ വിഷ്വലുകൾ ഉപയോഗിച്ച് പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ, ശബരിമലയില് യുവതി പ്രവേശനം നടന്നെന്നത് വ്യാജപ്രചാരണമാണ് എന്ന് ഒരു വാർത്ത തുടർന്ന് ജനം ടിവി കൊടുത്തിട്ടുണ്ട്.
ജനം ടിവി വാർത്ത ഇങ്ങനെ പറയുന്നു: “ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്സ് ഗ്രൂപ്പ് മുന് ഡയറക്ടര് കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവരാണ് 13ന് രാവിലെ ശബരിമല ദര്ശനം നടത്തിയത്. മധുമതി ചുക്കാപ്പള്ളിയെ കണ്ടാല് യുവതിയായി തോന്നിക്കുന്നതാണ് പ്രചാരണത്തിന് കാരണം. എന്നാല് യഥാര്ത്ഥത്തില് ഇവര്ക്ക് 55 വയസ്സ് പ്രായമുണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തിയതി.”
“ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്മാന് സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഫോട്ടോയാണ് തെറ്റായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.” എന്ന് മനോരമയും വാർത്ത നൽകിയിട്ടുണ്ട് . “ഇവർക്ക് 55 വയസ്സ് ഉണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി.” എന്നും മനോരമ വാർത്ത പറയുന്നു.
ശബരിമലയുടെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പി ആർ ഓ സുനിൽ അരുമാനൂരിനെ ഞങ്ങൾ ബന്ധപ്പെട്ടു. “പോലീസ് വിർച്വൽ ക്യൂ സംവിധാനം വഴിയാണ് ശബരിമലയിൽ പ്രവേശനം. പോലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ ശബരിമലയിൽ ദർശനം നടത്താനാവൂ,” അദ്ദേഹം പറഞ്ഞു.
തുടർന്ന് ഞങ്ങൾ സ്റ്റേറ്റ് പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പോലീസ് ഇൻഫോർമേഷൻ സെന്റർ നൽകിയ വിവരങ്ങൾ ഇതാണ്: “വിർച്വൽ ക്യൂ സംവിധാനം വഴിയാണ് ശബരിമലയിൽ പ്രവേശനം. വിർച്വൽ ക്യൂവിന് അപേക്ഷിക്കുന്ന സമയത്ത് ഒരു ഐഡന്റിറ്റി കാർഡിന്റെ നമ്പർ കൊടുക്കണം. ആ കാർഡ് ശബരിമലയിൽ വരുന്ന സമയത്ത് കാണിക്കണം. അതിലെ ഫോട്ടോയും വരുന്ന ആളിനെയും ഒത്ത് നോക്കിയാണ് പ്രവേശനം അനുവദിക്കുന്നത്. കാർഡിലുള്ള വിവരങ്ങൾ അനുസരിച്ച് ചിരഞ്ജീവിയോടൊപ്പം വന്ന സ്ത്രികൾ 50 വയസ്സിന് മുകളിൽ ഉള്ളവരാണ്,” സ്റ്റേറ്റ് പോലീസ് ഇൻഫർമേഷൻ സെന്റർ വിശദീകരിച്ചു.
പിന്നീട്, ചിരഞ്ജീവിയുടെ സന്ദർനവുമായി ബന്ധപ്പെട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വരുന്നത് തീർത്തും തെറ്റായ വാർത്തകളും പ്രചാരണമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഫെബ്രുവരി 13-നാണ് നടൻ ചിരഞ്ജീവിയും സംഘവും ശബരിമലയിൽ എത്തിയത്. ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിൻ്റെ പത്നിയും ഫോണിക്സ് ഗ്രൂപ്പ് മേധാവിമാരായ ചുകപ്പള്ളി സുരേഷും ചുകപ്പള്ളി ഗോപിയും ഇവരുടെ ഭാര്യമാരുമുണ്ടായിരുന്നു. എല്ലാ ഭക്തരേയുമെന്ന പോലെ ഇവരേയും തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് ശബരിമലയിലേക്ക് കടത്തി വിട്ടത്. മധുമതി ചുക്കാപ്പള്ളിയുടെ ആധാർ കാർഡിൽ അവരുടെ ജനനവർഷമായി രേഖപ്പെടുത്തിയത് 1966 ആണ്,അനന്തഗോപൻ പറഞ്ഞു.
വിഷയത്തെ കുറിച്ച് ജനം ടിവി ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബുവുമായി സംസാരിച്ചു. ശബരിമലയിൽ ദർശനം നടത്തിയ ഞങ്ങൾ 50 വയസിന് താഴെ പ്രായമുള്ള യുവതിയെ അനുകൂലിച്ചു വാർത്ത നൽകി എന്ന് തെറ്റായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഞങ്ങൾ അവരുടെ വയസ് സംബന്ധിച്ച് വാർത്തയിൽ ഒന്നും പറഞ്ഞിരുന്നില്ല.തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഞങ്ങളുടെ വാർത്തയുടെ പേരിൽ പ്രചരിപ്പുക്കുന്നത് ശ്രദ്ധയിൽ വന്നപ്പോൾ ഞങ്ങൾ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടു. വിവരങ്ങൾ പരിശോധിച്ചു. 50 വയസ്സ് കാഴ്ചയിൽ തോന്നിക്കില്ലെങ്കിലും അവർക്ക് വാസ്തവത്തിൽ പ്രായം 50 വയസിന് മുകളിലുണ്ട് എന്ന് ബോധ്യപ്പെട്ടു, അദ്ദേഹം കൂട്ടിച്ചേർത്തു.
വായിക്കാം: ജെഎൻയുവിലേത് എന്ന പേരിൽ പ്രചരിക്കുന്ന പടം ഗ്വാളിയാറിൽ നിന്നുള്ളത്
ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീ പ്രവേശിച്ചുവെന്നത് തെറ്റായ പ്രചാരണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Telephone conversation with Police Information Centre
Telephone converdation with Dewaswom Board PRO
Telephone conversation with Janam TV chief editor G K Suresh Babu
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|