schema:text
| - കേരളത്തില് വ്യവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന് പ്രത്യേക പദ്ധതികള് നടപ്പാക്കുന്നുണ്ടെന്നാണ് സര്ക്കാരിന്റെ അവകാശവാദം. ഈ ശ്രമങ്ങള്ക്കിടയിലും നിരവധി വ്യവസായങ്ങള് ഇവിടെ നിന്ന് പൂര്ണ്ണമായി നിര്ത്തലാക്കിയ സംഭവങ്ങളുമുണ്ട്. അതിനിടയിലാണ് സ്റ്റാര്ട്ടപ്പുകള്ക്ക് വേരോടാന് മികച്ച സ്ഥലമായി കേരളത്തെ വിലയിരുത്തിയെന്ന വാര്ത്ത പുറത്തുവന്നത്. ഡിപ്പാര്ട്ട്മെന്റ് ഓഫ് പ്രൊമോഷന് ഓഫ് ഇന്ഡസ്ട്രി ആന്റ് ഇന്റേണല് ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പട്ടികയിലാണ് കേരളം എ കാറ്റഗറിയില് ഇടം നേടിയിരിക്കുന്നത്. എന്നാല് സമൂഹമാധ്യമങ്ങളില് ഇപ്പോള് ഒരു വ്യവസായ സ്ഥാപനത്തിന്റെ വിവരങ്ങള് വൈറലായി പ്രചരിക്കുന്നുണ്ട്. എറണാകുളം ടാറ്റാ ഓയില് മില്സ് എന്ന(TOMCO) ബിസിനസ് അവസാനിപ്പിച്ചത് സംബന്ധിച്ചാണ് പോസ്റ്റ്.
'എറണാകുളത്ത് 8000 പേര് ജോലി ചെയ്തിരുന്ന ടാറ്റ ഓയില് മില്സ് എന്ന സ്ഥാപനത്തിന്റെ പ്രവേശനകവാടമാണ്.
ഓര്മ്മയുണ്ടോ.... 501 അലക്ക് സോപ്പും, ലൈഫ് ബോയ്സോപ്പും നിര്മ്മിച്ചിരുന്നത് ഇവിടെയായിരുന്നു......
ഇന്ന് ഹിന്ദുസ്ഥാന് യൂണിലിവറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില് ഇപ്പോള് 20 പേര് മാത്രമാണ് ജോലി ചെയ്യുന്നത്. ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ടാറ്റാ ഓയില് മില്സ് പൂട്ടിയത് തൊഴിലാളി സമരം കൊണ്ടായിരുന്നില്ല.
AFWA അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റിലുള്ള ചിത്രം ഹിന്ദുസ്ഥാന് യുണിലിവറിന്റെ എറണാകുളം, അയ്യപ്പന്കാവിലുള്ള ഫാക്ടറിയാണ്. ഇതെപ്പറ്റി തിരഞ്ഞപ്പോള് കമ്പനിയുടെ ലൊക്കേഷനും മറ്റു വിവരങ്ങളും ലഭ്യമായി. ഭക്ഷ്യ ഉത്പന്നങ്ങള് ഉള്പ്പെടെയുള്ള ഫാസ്റ്റ് മൂവിംഗ് കണ്സ്യൂമര് ഗുഡ്സ്(FMCG) നിര്മാണ യൂണിറ്റാണിത്. ഇത് മുന്പ് ടാറ്റാ ഓയില് മില്സ് ആയിരുന്നോ എന്നതാണ് പിന്നീട് ഞങ്ങള് അന്വേഷിച്ചത്.
ടാറ്റാ ഓയില് മില്സ് (TOMCO)
1917 ഡിസംബര് 10ന് മുംബൈ ആസ്ഥാനമായാണ് ടാറ്റാ ഓയില് മില്സ് സ്ഥാപിതമായത്. പിന്നിട് വെസ്റ്റ് ബംഗാള്, കേരളം, ബിഹാര്, യുപി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങി വിവധ സംസ്ഥാനങ്ങളിലേക്ക് കമ്പനി വ്യാപിപ്പിച്ചു. ഹമാം(Hamam), ഓകെ(Okay), മോട്ടി(Moti), 501 എന്നീ സോപ്പുകള് നിര്മിച്ചിരുന്നത് ടോംകോയാണ്. പിന്നീട് വന്കിട ബിസിനസിലേക്ക് പൂര്ണ്ണ തോതില് ശ്രദ്ധ തിരിക്കാനായി ഹിന്ദുസ്ഥാന് യുണിലിവര് എന്ന കമ്പനിക്ക് ടോംകോ കൈമാറാന് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചു.
ടോംകോയുടെ കൈമാറ്റം സംബന്ധിച്ച് 2013ല് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ കാണാം. ടാറ്റയുടെ ഓഹരികളും അവയുടെ കൈമാറ്റവും സംബന്ധിച്ച് ഈ ലേഖനത്തില് വിശദമാക്കുന്നുണ്ട്.
400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ടോംകോ ബിസിനസ് എതിരാളികളായ യുണിലിവറിന് കൈമാറിയത് ലയനം എന്നാണ് ഇരുകമ്പനികളും അവകാശപ്പെടുന്നത്. ഹിന്ദുസ്ഥാന് യുണിലിവറിന്റെ വെബ്സൈറ്റില് ടാറ്റാ-എച്ച് യുഎല് ലയനത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.
കമ്പനി ഏറ്റെടുത്ത ശേഷം തൊഴിലാളികളുടെ ട്രാന്സ്ഫര് സംബന്ധിക്കുന്ന വിഷയത്തില് ഹൈക്കോടതിയില് നടന്ന കേസ് വ്യവഹാരത്തിലും ഏറ്റെടുക്കല് നടപടിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല് ഇതിലും തൊഴിലാളി സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
ലൈഫ്ബോയ് സോപ്പും ടാറ്റയും
ഫേസ്ബുക്ക് പോസ്റ്റില് പറയുന്ന മറ്റൊരു പ്രധാന ആരോപണം ഇന്ത്യയിലാകെ വന് പ്രചാരമുള്ള ലൈഫ്ബോയ് (Lifebuoy) സോപ്പിന്റെ ഉടമസ്ഥര് ടാറ്റാ ഗ്രൂപ്പ് ആയിരുന്നുവെന്നാണ്. എന്നാല് ലൈഫ് ബോയ് ടാറ്റ ഗ്രൂപ്പിന്റെ ഉത്പന്നമല്ല. ഇപ്പോള് ടോംകോയുടെ സ്ഥാപനങ്ങള് നടത്തുന്ന ഹിന്ദുസ്ഥാന് യുണിലിവറിന്റെ പ്രൊഡക്റ്റാണ് ലൈഫ്ബോയ്.
'ലൈഫ് ബോയ് എവിടെയോ അവിടെയാണ് ആരോഗ്യം' എന്ന ജനപ്രിയ പരസ്യം പോലെ ഇന്ത്യയില് എല്ലാവിഭാഗം ജനങ്ങളും അംഗീകരിച്ച സോപ്പാണിത്. 1894ല് വില്യം ഹെസ്കെത്ത് ലിവര്(William Hesketh Lever) യുകെയിലാണ് ലൈഫ്ബോയ് ബ്രാന്റിന് തുടക്കമിട്ടത്. പിന്നീട് വിവധ രാജ്യങ്ങളിലേക്ക് ഉത്പന്നത്തിന്റെ വിതരണവും ഉത്പാദനവും വ്യാപിപ്പിക്കുകയായിരുന്നുവെന്ന് ലൈഫ്ബോയ് ഉത്പന്നങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില് നിന്ന് വ്യക്തമായി.
യുണിലിവറിന്റെ ഇന്ത്യയിലെ സ്ഥാപനമാണ് ഹിന്ദുസ്ഥാന് യുണിലിവര്. ഇതാണ് ടാറ്റയുടെ ടോംകോ ഏറ്റെടുത്ത കമ്പനി. അതായത് യഥാര്ഥത്തില് ടാറ്റ ഗ്രൂപ്പിനും ലൈഫ്ബോയ് സോപ്പിനും പോസ്റ്റില് പറയുന്നതുപോലെ നേരിട്ട് ബന്ധമില്ലെന്ന് വ്യക്തം.
തൊഴിലാളി സമരവും ഹിന്ദുസ്ഥാന് യുണിലിവറും
8000 പേര് ജോലി ചെയ്തിരുന്ന ടാറ്റാ ഓയില്മില്സ് എന്ന സ്ഥാപനത്തെ ഇന്ന് ശോഷിച്ച അവസ്ഥയിലെത്തിച്ചത് അവിടെയുള്ള തൊഴിലാളി യൂണിയനുകള് ആണെന്നും ഇതിനു കാരണമായ ചുവപ്പുകൊടി പ്രവേശനകവാടത്തില് തന്നെയുണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെ മറ്റൊരു പ്രധാന ആരോപണം.
ടാറ്റാ ഗ്രൂപ്പില് നിന്ന് ഹിന്ദുസ്ഥാന് യുണിലിവര് ഏറ്റെടുത്ത ശേഷം ഇവിടെ തൊഴിലാളി സമരം മൂലം അടച്ചിട്ടോ എന്ന കാര്യവും ഞങ്ങള് പരിശോധിച്ചു. ഇതിനായി ഞങ്ങള് കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്പനി അധികൃതര് അറിയിച്ചു. 'ഇവിടെ നിലവില് തൊഴിലാളി സമരങ്ങളൊന്നും തന്നെയില്ല. ഫാക്ടറി പൂട്ടിയിട്ടുമില്ല. ഞങ്ങളുടെ പ്രവര്ത്തനം സുഗമമായി നടക്കുന്നുണ്ട് ' ഓഫിസില് നിന്ന് വിവരം ലഭിച്ചു.
ഓയില് മില്സില് തൊഴിലാളി യൂണിയനുകള് ഉണ്ടായിരുന്നു. അതിനാല് തൊഴിലാളി സമരങ്ങള് നടന്നിരിക്കാം. ഇത്തരമൊരു സമരത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഞങ്ങള്ക്ക് ലഭ്യമായില്ല. എന്നിരുന്നാലും ഫേസ്ബുക്ക് കുറിപ്പില് പറയുന്നതുപോലെ തൊഴിലാളി സമരം കൊണ്ട് പൂട്ടിയ സ്ഥാപനമല്ല ഇതെന്ന് ഉറപ്പിക്കാനാകും.
തൊഴിലാളി സമരം കാരണം അടച്ചുപൂട്ടിയ 8000 ജീവനക്കാരുണ്ടായിരുന്ന എറണാകുളം ടാറ്റാ ഓയില്മില്സ് ഫാക്ടറി.
ടാറ്റാ ഓയില്മില്സ് അടച്ചുപൂട്ടിയതല്ല ഹിന്ദുസ്ഥാന് യുണിലിവറിന് കൈമാറുകയായിരുന്നു. ദീര്ഘകാല നിക്ഷേപമുള്ള ബിസിനസിലേക്ക് പൂര്ണ്ണ ശ്രദ്ധവയ്ക്കാനാണ് ടോംകോ കൈമാറാന് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചത്. മറിച്ച് തൊഴിലാളി സമരം കൊണ്ട് പൂട്ടിയ സ്ഥാപനം ഹിന്ദുസ്ഥാന് യുണിലിവര് വാങ്ങുകയായിരുന്നില്ല.
|