ഫാക്ട് ചെക്ക്: മദ്രസ വിദ്യാഭ്യാസം നിർത്തിയാല് മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി? വസ്തുതയെന്ത്?
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം, പരാതി നല്കി പികെ കുഞ്ഞാലിക്കുട്ടി എന്ന വാചകങ്ങളടങ്ങിയ പോസ്റ്റര് എഡിറ്റ് ചെയ്താണ് പ്രചാരണം
Claim :
മദ്രസ വിദ്യാഭ്യാസം നിർത്തിയാല് മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടിFact :
പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കുഞ്ഞാലിക്കുട്ടി പരാതി നൽകിയെന്ന വാർത്താകാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണംമെയ് നാലിനാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം. കേരളത്തിനൊപ്പം അസം, പുതുച്ചേരി, തമിഴ്നാട് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മെയ് നാലിന് വോട്ടെണ്ണൽ നടക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തില് വരുമെന്നാണ് എക്സിറ്റ് പോള് ഫലം. കേരളത്തില് യുഡിഎഫിന് അനുകൂലമായ ട്രെന്ഡ് ഉണ്ടായതായാണ് വിവിധ എക്സിറ്റ് പോള് ഫലങ്ങള് വ്യക്തമാക്കുന്നത്. യുഡിഎഫ് അധികാരത്തില് വരുമെന്നാണ് ടൈംസ് നൗ, ആക്സിസ് മൈ ഇന്ത്യ എന്നിവയുടെ എക്സിറ്റ് പോള് ഫലം വ്യക്തമാക്കുന്നത്. ആക്സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫിന് 90 സീറ്റുകള് വരെ ലഭിച്ചേക്കും. 70 മുതല് 80 സീറ്റുകള് വരെ നേടി യുഡിഎഫ് അധികാരത്തില് വരുമെന്നാണ് സിഎന്എന്- ന്യൂസ്18 എക്സിറ്റ് പോള് ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സാമൂഹിക മാധ്യമങ്ങളില് അവകാശവാദങ്ങളും വ്യാജ പ്രചാരണങ്ങളും രാഷ്ട്രീയ ആയുധമാകുകയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ പോസ്റ്ററുകളുടെ ഡിസൈനിലും അല്ലാതെയും വ്യാജ വാര്ത്തകളുടെ കുത്തൊഴുക്കിനാണ് സമീപ ദിവസങ്ങള് സാക്ഷിയായത്. ഇതിൽ ഏറ്റവും പുതിയതാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരില് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്ന പോസ്റ്റര്. "കുഞ്ഞുനാളിലെ ഉള്ള മദ്രസ വിദ്യാഭ്യാസം നിർത്തിയാൽ മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകും" എന്ന വാചകങ്ങളോടെ പികെ കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ ഉള്പ്പെടുത്തിയുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ കാർഡിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുതാ പരിശോധന:
"കുഞ്ഞുനാളിലെ ഉള്ള മദ്രസ വിദ്യാഭ്യാസം നിർത്തിയാൽ മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകും" എന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. മറ്റൊരു വാർത്താകാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണം.
വൈറൽ കാർഡിലെ കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ പ്രാഥമിക ഗൂഗിള് സെര്ച്ചില് പികെ കുഞ്ഞാലിക്കുട്ടി ഇത്തരം പരാമർശം നടത്തിയതായുള്ള മാധ്യമ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. മുസ്ലിം ലീഗ് നേതാവ് പ്രസ്തുത പരാമർശം നടത്തിയിരുന്നെങ്കിലും മുഖ്യധാര മാധ്യമങ്ങളിൽ പ്രധാന വാർത്തയാകുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് സമാന പോസ്റ്ററുകള് കണ്ടെത്തി. lumeramedia010 എന്ന ഇന്സ്റ്റാഗ്രാം അക്കൌണ്ടിലാണ് ഈ പോസ്റ്റര് ആദ്യം പ്രത്യക്ഷപ്പെടുന്നത്. സംഘപരിവാർ അനുകൂല ഇന്സ്റ്റാഗ്രാം അക്കൌണ്ടായ lumeramedia010 ല് നിരവധി വിദ്വേഷ പോസ്റ്ററുൾ കാണാം. 'ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ' എന്ന ഫേസ്ബുക്ക് അക്കൌണ്ടിലും ഇതേ പോസ്റ്റര് പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിലെ പ്രസിദ്ധ കാര്ട്ടൂണിസ്റ്റായ ഹരികുമാര് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഇതേ പോസ്റ്റര് പങ്കുവെക്കുകയുണ്ടായി. "ഹിന്ദുക്കൾക്കെന്താടോ കുഴപ്പം?",എന്ന തലക്കെട്ടോടെയാണ് ഹരികുമാര് പോസ്റ്റര് പങ്കുവെച്ചത്.
വൈറൽ പോസ്റ്റർ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ജെമിനി ലോഗോ ശ്രദ്ധയിൽപ്പെട്ടു. ഇത് കാർഡ് എഡിറ്റ് ചെയ്തതാണെന്ന സൂചന നൽകുന്നുണ്ട്.
പ്രചരിക്കുന്ന പോസ്റ്റര് ഗൂഗിള് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചപ്പോള് 2026 ഏപ്രില് 03ന് റിപ്പോര്ട്ടര് ലൈവ് ഒഫിഷ്യല് ഇന്സ്റ്റാഗ്രാമില് പ്രസിദ്ധീകരിച്ച മറ്റൊരു പോസ്റ്റർ ലഭിച്ചു. കുഞ്ഞാലിക്കുട്ടിയെ ഉദ്ധരിച്ചുള്ള പോസ്റ്ററിൻ്റെ പശ്ചാത്തലവും ചിത്രവും വൈറൽ കാർഡിലേതിന് സമാനമാണ്. ഇതോടെ യഥാർഥ കാർഡ് എഡിറ്റ് ചെയ്ത് വാചകങ്ങള് മാറ്റി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി. "സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം, പരാതി നല്കി പികെ കുഞ്ഞാലിക്കുട്ടി", എന്ന വാചകങ്ങളടങ്ങിയ പോസ്റ്റര് എഡിറ്റ് ചെയ്താണ് മറ്റു പ്രൊഫൈലുകള് "കുഞ്ഞുനാളിലെ ഉള്ള മദ്രസ വിദ്യാഭ്യാസം നിർത്തിയാൽ മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകും" എന്ന തരത്തില് ഈ പോസ്റ്റര് പ്രചരിപ്പിക്കുന്നത്. റിപ്പോര്ട്ടര് ടിവി പ്രസിദ്ധീകരിച്ച യഥാര്ത്ഥ പോസ്റ്ററില് നിന്നും തിയതിയും റിപ്പോര്ട്ടര് ടിവിയുടെ വാട്ടര്മാര്ക്കും ഒഴിവാക്കിയാണ് ഈ പ്രചാരണം. താരതമ്യം ചുവടെ
പ്രചരിക്കുന്ന പോസ്റ്ററിലെ വസ്തുത അറിയാൻ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജ പോസ്റ്റര് ആണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസും സ്ഥിരീകരിച്ചു.
ഇതോടെ, "കുഞ്ഞുനാളിലെ ഉള്ള മദ്രസ വിദ്യാഭ്യാസം നിർത്തിയാൽ മുസ്ലിംകള് ഹിന്ദുക്കളെ പോലെയാകും" എന്ന വാചകങ്ങളോടെ പികെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം പ്രചരിക്കുന്ന പോസ്റ്ററുകള് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായി. റിപ്പോര്ട്ടര് ടിവിയുടെ യഥാര്ഥ പോസ്റ്റര് എഡിറ്റ് ചെയ്താണ് പോസ്റ്റര് നിര്മിച്ചതെന്നും തെളിഞ്ഞു.